
പാലാ: ജനങ്ങളെ വെല്ലുവിളിച്ച് ഭരണം നടത്തുന്ന, അധികാരക്കൊതിമൂത്ത് പരസ്പരം തമ്മിലടിക്കുന്ന പാലാ നഗരസഭയിലെ ദുർഭരണം 2025ലെ തെരഞ്ഞെടുപ്പോടെ അവസാനിക്കുമെന്ന് കെപിസിസി നിർവ്വാഹക സമിതി അംഗം അഡ്വ. ടോമി കല്ലാനി പറഞ്ഞു.
പാലാ നഗരസഭ ഭരണസമിതിയുടെ കെടുകാര്യസ്ഥതയ്ക്കും പ്രതിപക്ഷ കൗൺസിലർമാരുടെ വാർഡുകളോടുള്ള വിവേചനത്തിനും എതിരെ നഗരസഭ യുഡിഎഫ് പാർലമെന്ററി പാർട്ടി ഓഫീസ് പടിക്കൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിപക്ഷ കൗൺസിലറായ ആനി ബിജോയ് പ്രതിനിധീകരിക്കുന്ന പതിനാറാം വാർഡിൽ അംഗൻവാടിക്ക് അനുയോജ്യമായ 3 സെന്റ് സ്ഥലം സൗജന്യമായി വിട്ടു കിട്ടിയിട്ടും അവിടെ നിർമ്മാണത്തിന് ആവശ്യമായ ഫണ്ട് അനുവദിക്കാതെ മുൻ ചെയർപേഴ്‌സൺ ലീന സണ്ണി പ്രതിനിധീകരിക്കുന്ന 24-ാം വാർഡിൽ സ്ഥലം പോലുമില്ലാത്ത അംഗൻവാടി കെട്ടിട നിർമ്മാണത്തിന് 20 ലക്ഷം രൂപ അനുവദിച്ച നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൗൺസിൽ യോഗങ്ങളിൽ ജനത്തിന്റെ ആവശ്യത്തിനു വേണ്ടിയുള്ള പ്രതിപക്ഷത്തിന്റെ ശബ്ദത്തെ ജനാധിപത്യ മര്യാദയില്ലാതെ അട്ടിമറിക്കുന്ന അഹങ്കാരവും ധാർഷ്‌ട്യവും നിറഞ്ഞ ഭരണസമിതിയാണ് പാലായിലേതെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച യുഡിഎഫ് പാർലമെന്ററി പാർട്ടി നേതാവും പ്രതിപക്ഷ നേതാവുമായ പ്രൊഫ. സതീശ് ചൊള്ളാനി ചൂണ്ടിക്കാട്ടി
അലൈൻമെന്റ് പൂർത്തിയാക്കുകയോ ഫണ്ട് അനുവദിക്കുകയോ ടെൻഡർ നടപടികളിലേക്ക് കടക്കുകയോ ചെയ്യാത്ത റിങ് റോഡിന്റെ പേര് പറഞ്ഞാണ് പതിനാറാം വാർഡിലെ അംഗൻവാടി നിർമ്മാണം തടസ്സപ്പെടുത്താൻ ഭരണസമിതി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
മുനിസിപ്പൽ കാന്റീനിനു മുന്നിൽ സ്ഥാപിച്ച ശിലാഫലകത്തിൽ മറ്റ് എല്ലാ സ്റ്റാൻഡിങ് കമ്മറ്റി അധ്യക്ഷൻമാരുടെയും പേര് വച്ചപ്പോൾ പ്രതിപക്ഷത്തുനിന്നുള്ള ആരോഗ്യകാര്യ സ്റ്റാൻന്റിംഗ് കമ്മിറ്റി അധ്യക്ഷയായ ലിസിക്കുട്ടി മാത്യുവിന്റെ പേര് ഒഴിവാക്കിയത് പ്രതിപക്ഷത്തെ പിന്തുണച്ച ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
വിവിധ സർക്കാർ വകുപ്പുകൾ ആശുപത്രി കെട്ടിടത്തിന്റെ അപകടാവസ്ഥ കാണിച്ചു പുറത്തുവിട്ട റിപ്പോർട്ട് പൂഴ്ത്തി വച്ചിരിക്കുന്ന നഗരസഭ ജനങ്ങളുടെ ജീവനും സ്വത്തിനും വെല്ലുവിളി ഉയർത്തുകയാണെന്നും പ്രൊഫ. സതീശ് ചൊള്ളാനി ചൂണ്ടിക്കാട്ടി.
എൻ.സുരേഷ്, ജോർജ് പുളിങ്കാട്, ചാക്കോ തോമസ് ,സന്തോഷ് മണർകാട്ട്, സാബു അബ്രഹാം, ജോഷി വട്ടക്കുന്നേൽ, തോമസുകുട്ടി നെച്ചിക്കാട്ട്, ആനി ബിജോയി, പ്രിൻസ് വി.സി, മായ രാഹുൽ, ഷോജി ഗോപി, ടോം നല്ല നിരപ്പേൽ, ലിജി ബിജു, രാഹുൽ പി.എൻ.ആർ, ജിമ്മി ജോസഫ്, ജോസഫ് പുളിക്കൻ, ടോണി തൈപ്പറമ്പിൽ, കിരൺ മാത്യു അരീക്കൽ, വക്കച്ചൻ മേനാംപറമ്പിൽ, ബിനു അറക്കൽ, ജോസ് പനയ്ക്കച്ചാലിൽ, ജോസ് വേരനാനി,
സജോ വട്ടക്കുന്നേൽ, മനോജ് വള്ളിച്ചിറ, ജോയി മഠം, റെജി നെല്ലിയാനി, തോമസുകുട്ടി പുളിന്താനം. സെബാസ്റ്റ്യൻ എടേട്ട്, കുര്യാച്ചൻ മഞ്ഞക്കുന്നേൽ, വേണു ചാമക്കാല, രാജൻ ചെട്ടിയാർ, രാജു പുതുമന ടോം കണിയാശ്ശേരി, ബാബു മുണ്ടയ്ക്കൽ, ഷിബു തുടങ്ങിയവർ പ്രസംഗിച്ചു.