പാലാ :ഹോട്ടൽ ഗ്രാന്റ് കോർട്ടിയാടിന്റെ ഉദ്ഘാടന ചടങ്ങിൽ അങ്ക കച്ച മുറുക്കിഎത്തിയ മങ്കമാരെ ജനങ്ങൾ പ്രത്യേക ശ്രദ്ധിച്ചു .പാലാ നഗരസഭയിൽ അടുത്ത ചെയർമാൻ വനിതാ സംവരണമാണ് .അത് കൊണ്ട് തന്നെ ഇരു മുന്നണിയിലെയും വനിതകൾ തമ്മിൽ ശീത സമരവുമുണ്ട് .ഇപ്പോൾ സമരസപ്പെട്ടാണ് പോകുന്നതെങ്കിലും പലരും ഉള്ളാലെ അതാഗ്രഹിക്കുന്നുണ്ട് .

അങ്കം ജയിക്കുന്ന ഈ മങ്കമാർ ഒന്നിച്ചു കണ്ടപ്പോൾ കോട്ടയം മീഡിയയ്ക്കു ആദ്യം തോന്നിയതും അങ്ങനെ തന്നെയാണ് .ഇതിലാരാവും അടുത്ത ചെയർപേഴ്സൺ .ആരും സമ്മതിക്കുന്നില്ലെങ്കിലും .മുഖഭാവം കണ്ടാൽ എല്ലാരും ഒരു അങ്കത്തിനു തയ്യാറാണ് .ഹോട്ടൽ ഗ്രാന്റ് കോർട്ടിയാടിന്റെ ഉദ്ഘാടന ചടങ്ങിനും ഒത്തിരി പ്രത്യേകതകൾ ഉണ്ടായിരുന്നു .
ജോസ് കെ മാണിയും ,മാണി സി കാപ്പനും നാട മുറിക്കുകയും ,തിരി തെളിയിക്കുകയും ഒക്കെ ചെയ്തെങ്കിലും അടുത്ത തെരഞ്ഞെടുപ്പിന്റെ കേളികൊട്ടും ഈ ഉദ്ഘാടനത്തിൽ തന്നെ കാണാമായിരുന്നു .രണ്ടു പേരും പാലായിൽ തന്നെ മത്സരിക്കുമെന്ന് കോട്ടയം മീഡിയയ്ക്കും ഉറപ്പാണ് .കാരണം അവരുടെ രണ്ടു പേരുടെയും പ്രസംഗത്തിന്റെ വരികൾക്കിടയിൽ വായിച്ചാൽ അത് മനസിലാകും .ജോസ് കെ മാണിയുടെ പ്രസംഗത്തിൽ പാലായിലെ ട്രിപ്പിൾ ഐ ടി പ്രവർത്തന ക്ഷമമായതും.അവിടെ ഇപ്പോൾ രണ്ടായിരം വിദ്യാർഥികൾ ഉള്ളതും അവർ ആഴ്ചയിൽ ഒന്ന് പാലാ ടൗണിലേക്ക് ഇറങ്ങി ഷോപ്പിംഗ് നടത്തിയാൽ പാലായിലുണ്ടാവുന്ന വളർച്ചയും .ഒക്കെ പ്രതിപാതിച്ചപ്പോൾ ;ഇതു പോലെയുള്ള ഹോട്ടൽ സമുച്ഛയങ്ങൾ ട്രിപ്പിൾ ഐ ടി യിലെ വിദ്യാർത്ഥികളും പ്രയോജനപ്പെടുത്തുമെന്നും ;വൃത്തിയും സൗകര്യങ്ങളുമാണ് വേണ്ടതെന്നും അഭിപ്രായപ്പെട്ടപ്പോൾ മാണി സി കാപ്പന് കൊണ്ടു.

തന്റെ ഊഴം വന്നപ്പോൾ ഇലവീഴാ പൂഞ്ചിറയിലും ;ഇല്ലിക്കക്കല്ലിലും ഇപ്പോൾ വൻ വികസനമാണ് നടന്നു കൊണ്ടിരിക്കുന്നതെന്നും അവിടെയെത്തുന്ന ടൂറിസ്റ്റുകൾക്കും ഇത് പോലെയുള്ള ഹോട്ടൽ സമുച്ചയങ്ങൾ ഉപകരിക്കപ്പെടുമെന്നും പറഞ്ഞു .ജോസ് കെ മാണി ട്രിപ്പിൾ ഐ ടി കൊണ്ടുവന്നതും ;മാണി സി കാപ്പൻ ഇലവീഴാ പൂഞ്ചിറ യിലും ഇല്ലിക്കൽ കല്ലിലും വികസനം കൊണ്ട് വന്നതാണ് ഇരുവരും പറയാതെ പറഞ്ഞത് .ജോസ് കെ മാണി ഹാപ്പി മൂഡിലായിരുന്നെങ്കിലും ,മാണി സി കാപ്പൻ ഇന്ന് അത്ര ഹാപ്പി മൂഡിലായിരുന്നില്ല .ഇതിനിടയിൽ ജോസ്മോൻ മുണ്ടയ്ക്കൽ വന്നു മുൻ നിരയിലേക്ക് ഇടിച്ചു കയറിയത് കണ്ടപ്പോൾ ജോസ് കെ മാണി ഊറി ചിരിക്കുന്നുണ്ടായിരുന്നു .
മറ്റത്തിൽ വക്കച്ചന്റെ ഊഴം വന്നപ്പോൾ ഞാൻ മരിക്കുമ്പോൾ ജോസ് മോൻ വന്നു ഒപ്പീസ് പാടണമെന്നു എനിക്ക് ഒരു ആഗ്രഹം ഉണ്ടെന്നു പറഞ്ഞത് സദസ്സിൽ കൂട്ടച്ചിരി ഉയർത്തി.സിപിഐ (എം) ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ ലാലിച്ചൻ ജോർജ് പതിവിനു വിപരീതമായി ഇന്ന് നല്ല ഹാപ്പി മൂഡിലായിരുന്നു .എല്ലാ വിഭാഗം ജനങ്ങൾക്കും ഈ ഹോട്ടലിൽ കയറുന്നതിനായി വിലയിൽ മിതത്വം പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു .പാലായിലെ മികച്ച സംഘാടകനായ കൗൺസിലർ ബൈജു കൊല്ലമ്പറമ്പിലാണ് കാര്യ പരിപാടികൾ നിയന്ത്രിച്ചത്.വ്യാപാരി യൂത്ത് വിങ്ങിന്റെ ഫുഡ് എക്സിബിഷനും ;ക്രിസ്മസ് കരോളും ഏറ്റവും മികച്ച രീതിയിൽ നടത്തിയ പൊൻ തൂവലുമായാണ് അദ്ദേഹം ഈ പരിപാടികളും സംഘടിപ്പിച്ചത് .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ