ഗസ്സയിൽ യുദ്ധം തുടരുന്നതിനിടെ ഇസ്രായേലിന് വീണ്ടും തിരിച്ചടി. ഇസ്രായേൽ പ്രതിരോധ സേനയുടെ കമാൻഡർ കേണൽ എഹ്സാൻ ദഖ്സ ഗസ്സയിലെ ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ടു. മറ്റൊരു ബറ്റാലിയൻ കമാൻഡറും രണ്ട് ഓഫീസർമാരും ഉൾപ്പെടെ മൂന്ന് സൈനികർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.. പ്രധാനമന്ത്രി നെതന്യാഹുവിന്റെ വസതിക്കു നേരെ കഴിഞ്ഞദിവസം ഹിസ്ബുല്ല നടത്തിയ ഡ്രോൺ ആക്രമണത്തിനു പിന്നാലെയാണ് ഇസ്രായേലിന് വീണ്ടും കനത്ത തിരിച്ചടിയുണ്ടായിരിക്കുന്നത്. വടക്കൻ ഗസ്സയിലുണ്ടായ ആക്രമണത്തിലാണ് 41കാരനായ ബ്രിഗേഡ് കമാൻഡർ അഹ്‌സൻ ദഖ്സ കൊല്ലപ്പെട്ടതെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു.

തൻ്റെ ടാങ്കിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ ജബാലിയ പ്രദേശത്തു നടന്ന സ്ഫോടനത്തിലാണ് 401-ാം ബ്രിഗേഡിൻ്റെ കമാൻഡർ കേണൽ ദഖ്സ കൊല്ലപ്പെട്ടതെന്ന് ഇസ്രായേൽ സൈനിക വക്താവ് ഡാനിയൽ ഹഗാരി പറഞ്ഞു. പ്രദേശം നിരീക്ഷിക്കാൻ പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് ഒരു സ്ഫോടകവസ്തു വന്ന് പതിച്ചതെന്നും ഹഗാരി വ്യക്തമാക്കി. ഡ്രൂസ് പട്ടണമായ ദാലിയത്ത് അൽ-കർമലിൽ നിന്നുള്ള ദഖ്‌സ ഗസ്സയിലെ ഹമാസ് പ്രത്യാക്രമണത്തിൽ കൊല്ലപ്പെടുന്ന ഏറ്റവും മുതിർന്ന ഇസ്രായേൽ ഉദ്യോഗസ്ഥരിൽ ഒരാളാണ്.