Kerala

രാഹുൽ ഗാന്ധിക്കെതിരെയുള്ള പരാമർശത്തിൽ മുൻ ഡിജിവി ശ്രീലേഖയ്ക്കെതിരെ പരാതിയുമായി കോൺഗ്രസ് നേതാവ് ശബരിനാഥ്

 

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരായ വിവാദ പരാമർശത്തിൽ ബിജെപി നേതാവും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖയ്ക്കെതിരെ പരാതി.

കെ.എസ്. ശബരിനാഥനാണ് തിരുവനന്തപുരം പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയത്. രാഹുൽ ഗാന്ധിയെ വ്യക്തിപരമായി അധിക്ഷേപിച്ചെന്നും ഹിന്ദു വിശ്വാസത്തിന്റെ ഭാഗമായ താണ്ഡവനൃത്തത്തെ അപകീർത്തികരമായി ചിത്രീകരിച്ച് മതവികാരം വ്രണപ്പെടുത്തിയെന്നുമാണ് പരാതിയിലെ ആരോപണം.

ഡൽഹിയിൽ നടന്ന സമരത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ശ്രീലേഖയുടെ വിവാദ പരാമർശം. മയക്കുമരുന്ന് അമിതമായി ഉള്ളിൽ ചെന്നാൽ ഉണ്ടാകുന്ന വെപ്രാളവും താണ്ഡവവുമാണ് രാഹുൽ ഗാന്ധി ഡൽഹിയിൽ കാണിക്കുന്നതെന്നായിരുന്നു ശ്രീലേഖയുടെ പ്രസ്താവന. കൊല്ലം പുനലൂരിൽ ബിജെപി സംഘടിപ്പിച്ച പ്രതിഷേധ ജനസഭ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയായിരുന്നു പരാമർശം. ഹിന്ദു വിശ്വാസവുമായി ബന്ധപ്പെട്ട താണ്ഡവനൃത്തത്തെ മയക്കുമരുന്നിന്റെ സ്വാധീനവുമായി ബന്ധപ്പെടുത്തി ചിത്രീകരിച്ചത് മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് ശബരിനാഥൻ പരാതിയിൽ ചൂണ്ടിക്കാട്ടി. രാഹുൽ ഗാന്ധിക്കെതിരെ വ്യക്തിപരമായ അധിക്ഷേപം നടത്തിയെന്നും പരാതിയിൽ ആരോപിക്കുന്നു. വിവാദ പരാമർശം പിൻവലിക്കണമെന്ന് ശബരിനാഥൻ നേരത്തേ ആവശ്യപ്പെട്ടിരുന്നു.

പരാമർശം പിൻവലിച്ചില്ലെങ്കിൽ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് കമ്മിഷണർക്ക് നേരിട്ട് പരാതി നൽകിയത്. ശ്രീലേഖയുടെ പരാമർശത്തിനെതിരെ യൂത്ത് കോൺഗ്രസും രംഗത്തെത്തിയിട്ടുണ്ട്. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളം സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. ശ്രീലേഖയ്ക്കെതിരെ കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top