

ഉപഭോക്താവിന്റെ സമ്മതമില്ലാതെ 13.75 ലക്ഷത്തിന്റെ ലോൺ നൽകി തിരിച്ചടയ്ക്കാൻ ഭീഷണി; ബാങ്ക് 55,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കമ്മീഷൻ ഉത്തരവ*

ചെന്നൈ: ഉപഭോക്താവ് അറിയാതെയും അനുമതിയില്ലാതെയും അക്കൗണ്ടിലേക്ക് ലക്ഷങ്ങളുടെ വ്യക്തിഗത വായ്പ അനുവദിച്ച് സേവനത്തിൽ ഗുരുതര വീഴ്ച വരുത്തിയ സ്വകാര്യ ബാങ്കിന് 55,000 രൂപ പിഴയും നഷ്ടപരിഹാരവും വിധിച്ച് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ (Consumer Court Verdict).
ചെന്നൈ കൊളത്തൂർ സ്വദേശിയായ നിഹ്മത്തുള്ള നൽകിയ പരാതിയിലാണ് ചെന്നൈ നോർത്ത് ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ നിർണ്ണായക ഉത്തരവ്.
2023-ലാണ് സംഭവം നടന്നത്. പരാതിക്കാരന്റെ അനുമതിയില്ലാതെ ഒരു സ്വകാര്യ ബാങ്ക് 13.75 ലക്ഷം രൂപയുടെ പേഴ്സണൽ ലോൺ അനുവദിക്കുകയും, അതിൽ നിന്ന് 9.5 ലക്ഷം രൂപ ഉടൻ തന്നെ മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റുകയും ചെയ്തു. ഇതിന് പിന്നാലെ വായ്പാ തുക തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് അധികൃതർ നിഹ്മത്തുള്ളയ്ക്ക് തുടർച്ചയായി സന്ദേശങ്ങൾ അയച്ച് ഭീഷണിപ്പെടുത്താൻ തുടങ്ങി.
ഇതോടെയാണ് ഇയാൾ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. കേസ് പരിഗണിച്ച കമ്മീഷൻ, ബാങ്ക് അധികൃതർ ഒരൊറ്റ ദിവസം കൊണ്ടാണ് വായ്പ അനുവദിച്ചതെന്നും 9.5 ലക്ഷം രൂപ അക്കൗണ്ടിൽ നിന്ന് അപരിചിതർ പിൻവലിക്കുന്നത് തടയാൻ ബാങ്കിന്റെ ഭാഗത്തുനിന്ന് യാതൊരു മുൻകരുതലും ഉണ്ടായില്ലെന്നും കണ്ടെത്തി.
ബാങ്കിന്റെ ഭാഗത്തുനിന്ന് സേവനത്തിൽ ഗുരുതര വീഴ്ച സംഭവിച്ചതായി ചൂണ്ടിക്കാട്ടിയ കമ്മീഷൻ, വിവാദ വായ്പാ അക്കൗണ്ട് ഉടൻ ക്ലോസ് ചെയ്ത് പരാതിക്കാരന് എൻ.ഓ.സി (NOC) നൽകാൻ ഉത്തരവിട്ടു. കൂടാതെ, ഇയാൾക്കുണ്ടായ മാനസിക ബുദ്ധിമുട്ടുകൾക്ക് നഷ്ടപരിഹാരമായി 50,000 രൂപയും കേസ് നടത്തിപ്പ് ചെലവായി 5,000 രൂപയും ചേർത്ത് ആകെ 55,000 രൂപ ബാങ്ക് നൽകണമെന്നും കമ്മീഷൻ വിധി പ്രസ്താവിച്ചു.
ഉപഭോക്താവിന്റെ സമ്മതമില്ലാതെ 13.75 ലക്ഷത്തിന്റെ ലോൺ നൽകി തിരിച്ചടയ്ക്കാൻ ഭീഷണി; ബാങ്ക് 55,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കമ്മീഷൻ ഉത്തരവായി
