
പാലാ: ഇന്ത്യയിലെ കത്തോലിക്കാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ദേശീയ കൂട്ടായ്മയായ സേവ്യർ ബോർഡ് ഓഫ് ഹയർ എഡ്യൂക്കേഷൻ ഇൻ ഇന്ത്യയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് പാലാ സെന്റ് ജോസഫ്സ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ (ഓട്ടോണമസ്) പ്രൗഢോജ്ജ്വല സമാപനം. വിദ്യാഭ്യാസ വിചക്ഷണരും ആത്മീയ നേതാക്കളും ഭരണകർത്താക്കളും പങ്കെടുത്ത ത്രിദിന ദേശീയ സമ്മേളനം രാജ്യത്തെ ഉന്നതവിദ്യാഭ്യാസ രംഗത്ത് പുത്തൻ കാഴ്ചപ്പാടുകൾക്കും ദിശാബോധത്തിനും വഴിയൊരുക്കി.

സി.ബി.സി.ഐ. പ്രസിഡന്റും ഹൈദരാബാദ് മെട്രോപോളിറ്റൻ ആർച്ച് ബിഷപ്പുമായ കർദിനാൾ ആന്റണി പൂളയാണ് പ്ലാറ്റിനം ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്തത്. വിദ്യാഭ്യാസം മനുഷ്യന്റെ അന്തസ്സ് വീണ്ടെടുക്കാനും സമൂഹത്തെ പരിവർത്തനം ചെയ്യാനുമുള്ള കരുത്തുറ്റ ആയുധമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഉത്തമരായ മനുഷ്യരെ വാർത്തെടുക്കലാണ് വിദ്യാഭ്യാസത്തിന്റെ പരമമായ ലക്ഷ്യമെന്ന് മുഖ്യാതിഥിയായ മന്ത്രി റോജി എം. ജോൺ വ്യക്തമാക്കി. സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾ സ്ഥാപിക്കുന്നതിനുള്ള പുതിയ നിയമനിർമ്മാണം അടുത്ത നിയമസഭാ സമ്മേളനത്തിൽ കൊണ്ടുവരുമെന്നും മന്ത്രി പ്രഖ്യാപിച്ചു.
ചടങ്ങിൽ സി.ബി.സി.ഐ. വിദ്യാഭ്യാസ-സാംസ്കാരിക കമ്മീഷൻ അധ്യക്ഷനും നാഗ്പൂർ ആർച്ച് ബിഷപ്പുമായ മോസ്റ്റ് റവ. ഏലിയാസ് ഗോൺസാൽവസ്, പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്, മോൺ. ഡോ. ജോസഫ് തടത്തിൽ എന്നിവർ അനുഗ്രഹ പ്രഭാഷണങ്ങൾ നടത്തി.

പ്ലാറ്റിനം ജൂബിലി സുവനീർ, ചരിത്ര പുസ്തകം, ഡയറക്ടറി എന്നിവയുടെ പ്രകാശനത്തോടൊപ്പം സമഗ്ര സംഭാവനകൾക്കുള്ള സേവ്യർ ബോർഡ് എക്സലൻസ് അവാർഡുകളും വിതരണം ചെയ്തു.രണ്ടാം ദിനത്തിൽ അക്കാദമിക് സെഷനുകൾ ശ്രദ്ധേയമായി. “2047-ലെ ഭാരതത്തിനായുള്ള ഉന്നതവിദ്യാഭ്യാസത്തിന്റെ പുനർവിഭാവനം” എന്ന വിഷയത്തിൽ ഡോ. എ.പി.ജെ. അബ്ദുൾ കലാം സെന്റർ സ്ഥാപകൻ ശ്രിജൻ പാൽ സിംഗ് മുഖ്യപ്രഭാഷണം നടത്തി. നിർമ്മിതബുദ്ധി, ക്വാണ്ടം സാങ്കേതികവിദ്യ, സംരംഭകത്വം, സേവ്യർ ബോർഡിന്റെ ഭാവി നയങ്ങൾ എന്നീ വിഷയങ്ങളിൽ പ്രമുഖ വിദ്യാഭ്യാസ വിദഗ്ദ്ധൻ എ. എച്ച്. സാഗർ, ക്രൈസ്റ്റ് യൂണിവേഴ്സിറ്റി മുൻ വി.സി. ഡോ. ഫാ. തോമസ് സി. മാത്യു, സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ചെയർമാൻ ടി. കെ. ജോസ് ഐ.എ.എസ്. എന്നിവർ പ്രഭാഷണങ്ങൾ നടത്തി. വിദ്യാർത്ഥികൾ ഒരുക്കിയ വർണ്ണാഭമായ സാംസ്കാരിക സന്ധ്യയും വിരുന്നും പ്രതിനിധികൾക്ക് നവ്യാനുഭവമായി.
സമാപന ദിവസമായ ഇന്ന് (08.11.2026) കോളേജിലെ സെന്റ് ഫ്രാൻസിസ് ഹാളിൽ നാഗ്പൂർ ആർച്ച് ബിഷപ്പ് മോസ്റ്റ് റവ. ഏലിയാസ് ജോസഫ് ഗോൺസാൽവസിന്റെ മുഖ്യകാർമ്മികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയോടെയാണ് പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് ഡോ. സി. രോഹിണിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച വാർഷിക പൊതുയോഗത്തിൽ സേവ്യർ ബോർഡിന്റെ ഭാവി കർമ്മപദ്ധതികൾ രൂപീകരിച്ചു. രാവിലെ 9.30നു നടന്ന ഔദ്യോഗിക സമാപന സമ്മേളനത്തോടെ (Valedictory Function) മൂന്നു ദിവസത്തെ ജൂബിലി ആഘോഷങ്ങൾക്ക് സമാപനമായി. തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾക്കായി കുമരകം കായൽ സൗന്ദര്യം ആസ്വദിക്കുന്ന ഉല്ലാസയാത്രയും ഒരുക്കിയിരുന്നു.
സേവ്യർ ബോർഡ് പ്രസിഡന്റ് ഡോ. ഫാ. പ്രവീൺ മാർട്ടിസ് എസ്.ജെ., വൈസ് പ്രസിഡന്റ് ഡോ. സി. പേൾ ഡിസൂസ, സെക്രട്ടറി ജനറൽ ഡോ. സി. ദീപ്തി യു.എഫ്.എസ്., ജോയിന്റ് സെക്രട്ടറിയും പാലാ സെന്റ് ജോസഫ്സ് എൻജിനീയറിംഗ് കോളേജ് ഡയറക്ടറുമായ റവ. പ്രൊഫ. ഡോ. ജെയിംസ് ജോൺ മംഗലത്ത് എന്നിവർ മൂന്നു ദിവസത്തെ പരിപാടികൾക്ക് നേതൃത്വം നൽകി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രിൻസിപ്പൽമാരും അധ്യാപകരുമടക്കം നൂറുകണക്കിന് പ്രതിനിധികൾ സംബന്ധിച്ചു.