Kerala

ശിവൻകുട്ടി തങ്ങളെ പഠിപ്പിക്കേണ്ടെന്നും അദ്ദേഹം കോർപ്പറേഷൻ ഭരണത്തിലിരുന്ന സമയത്താണ് നഗരത്തിലെ വികസന പ്രവർത്തനങ്ങളുടെ വേരറുത്തതെന്ന് മേയർ വി.വി രാജേഷ്

തിരുവനന്തപുരം: മഴയിൽ തലസ്ഥാനത്തുണ്ടായ വെള്ളക്കെട്ടിനെ തുടർന്ന് പ്രതിപക്ഷമുന്നയിച്ച വിമർശനങ്ങൾക്ക് മറുപടിയുമായി മേയർ വി.വി രാജേഷ്. വെള്ളക്കെട്ടുണ്ടായ പ്രദേശങ്ങൾ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് തിരുവനന്തപുരം മേയർ വി.വി രാജേഷ് പ്രതിപക്ഷത്തിനെതിരേയും മുൻമന്ത്രി വി. ശിവൻകുട്ടിക്കെതിരെയും വിമർശനം ഉന്നയിച്ചത്. ശിവൻകുട്ടി തങ്ങളെ പഠിപ്പിക്കേണ്ടെന്നും അദ്ദേഹം കോർപ്പറേഷൻ ഭരണത്തിലിരുന്ന സമയത്താണ് നഗരത്തിലെ വികസന പ്രവർത്തനങ്ങളുടെ വേരറുത്തതെന്നും മേയർ വി.വി രാജേഷ് പറഞ്ഞു.

ഗുണ്ടായിസത്തിലൂടെ എന്തുംചെയ്യാം എന്ന തെറ്റിധാരണയുളള പൊതുപ്രവർത്തകനാണ് ശിവൻകുട്ടി എന്നും രാജേഷ് പറഞ്ഞു. കോർപ്പറേഷന്റെ ഭാഗത്ത് വീഴ്ച്ചയുണ്ടായിട്ടുണ്ടെങ്കിൽ പരിഹരിക്കുമെന്നും ഒരുദിവസം പെയ്യേണ്ട മഴ ഒരു മണിക്കൂർകൊണ്ട് പെയ്തതാണ് പ്രശ്നങ്ങൾക്കിടയാക്കിയതെന്നും മേയർ പറഞ്ഞു.

ഓട നിർമ്മാണത്തിലെ അശ്രദ്ധയും മേയർ ചൂണ്ടിക്കാട്ടി. വെള്ളം ഒരുമിച്ച് ഒലിച്ചുപോകുന്നതരത്തിലുള്ള ഓടകളല്ല നഗരത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം കോർപ്പറേഷനിലെ വെള്ളക്കെട്ടിൽ നടപടി ഇല്ലാത്തതിനെതിരെ സിപിഎം നേതാവ് വി. ശിവൻകുട്ടിയും മുൻ മേയർ വി.കെ. പ്രശാന്തും പ്രതിഷേധം അറിയിച്ചിരുന്നു. നഗരം സ്തംഭിച്ചുവെന്നും വി. ശിവൻകുട്ടി കഴിഞ്ഞദിവസം ആരോപിച്ചിരുന്നു.

തമ്പാനൂർ റെയിൽവെ സ്റ്റേഷൻ പരിസരം, ചാക്കയിൽ, വഞ്ചിയൂർ കോടതി പരിസരം, എസ്.എസ് കോവിൽ റോഡ് എന്നിവിടങ്ങളിലാണ് ഇന്നലെ വെള്ളം കയറിയത്. ഒരു മണിക്കൂർ 98 മില്ലിമീറ്റർ മഴയാണ് പെയ്തത്. മുൻപ് മഴപെയ്താൽ പെട്ടെന്ന് ഒഴുകിപ്പോകുമായിരുന്നെന്നും തീവ്രമായ മഴയായതിനാൽ വെള്ളം ഒഴുകിപ്പോകാൻ വൈകിയെന്നും പ്രദേശവാസികൾ പറഞ്ഞു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top