കൊല്ലം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വിമര്ശനങ്ങൾക്കെതിരെ പ്രതികരിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്ത്.

നരേന്ദ്രമോദിയുടെയും അമിത് ഷായുടെയും ഗുഡ് ബുക്കിൽ കയറാനാണ് പിണറായി വിജയൻ ശ്രമിക്കുന്നതെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പരിഹാസം. അതുകൊണ്ടാണ് രാഹുൽ ഗാന്ധിയെ വിമർശിക്കുന്നതിനും അദ്ദേഹം പറഞ്ഞു. നരേന്ദ്രമോദിയും അമിത് ഷായും പറഞ്ഞാൽ പിണറായി വിജയൻ ഏത് കടലാസിലും ഒപ്പിട്ടുകൊടുക്കുമെന്നും. അവരുടെ മുന്നിൽ 90 ഡിഗ്രി കുനിഞ്ഞാണ് മുഖ്യമന്ത്രി നിൽക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.

കേരളത്തിൽ സിപിഎം ഡീൽ ഉണ്ടെന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തിനെതിരെയാണ് രൂക്ഷ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തത്തിയത്. അഖിലേന്ത്യ നേതാവായ രാഹുൽ ഗാന്ധിക്ക് ഒരു പ്രാദേശിക നേതാവിൻ്റെ ധാരണ പോലും ഇല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.
കണ്ടാലും കൊണ്ടാലും പഠിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു ആരോപണവും നേരെ ചൊവ്വേ മനസിലാക്കില്ല. എത്രമാത്രം അധഃപതനം ആണിത് ഉണ്ടാക്കുന്നതെന്ന് അദ്ദേഹം മനസിലാക്കുന്നില്ലെന്നും ആയിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്.