കൊച്ചി: ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ഔദ്യോഗിക വസതിയിലേക്ക് ചാടിക്കയറി യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിൽ വിമർശനവുമായി വി ഡി സതീശൻ. മന്ത്രിമാരുടെ വീട്ടിൽ കയറിയുള്ള സമരത്തോട് യോജിപ്പില്ലെന്ന് വി ഡി സതീശൻ പറഞ്ഞു.

സതീശന്റെ നിർദേശപ്രകാരമാണ് യൂത്ത് കോൺഗ്രസ് സമരം എന്ന ആരോഗ്യമന്ത്രിയുടെ പരാമർശത്തിന് മന്ത്രിമാരുടെ വീട്ടിൽ റീത്ത് വെയ്ക്കാൻ പറയലല്ല തന്റെ ജോലിയെന്നും സതീശൻ മറുപടി നൽകി. തന്റെ ഔദ്യോഗിക വസതിയിലേക്കും പറവൂരിലെ വീട്ടിലേക്കും ഡിവൈഎഫ്ഐ പ്രതിഷേധം നടത്തിയിരുന്നുവെന്നും അന്ന് കേസെടുത്തത് തന്നെ കാണാൻ വന്നവർക്കെതിരെയാണെന്നും സതീശൻ കുറ്റപ്പെടുത്തി.
യുഡിഎഫ് അധികാരത്തിൽ വന്നാൽ ആരോഗ്യമേഖലയിൽ വലിയ മാറ്റം കൊണ്ടുവരുമെന്നും സതീശൻ ഉറപ്പുനൽകി. ആരോഗ്യ മേഖലയിൽ സിസ്റ്റം തകർന്നു. പൊതു ആരോഗ്യമേഖല സംരക്ഷിക്കപ്പെടണം. മെഡിക്കൽ കോളേജുകളിൽ ചെന്നാൽ റിവേഴ്സ് റഫറൻസ് ആണ് നടക്കുന്നതെന്നും യുഡിഎഫ് വരുമ്പോൾ സമഗ്രമായ മാറ്റം കൊണ്ടുവരുമെന്നും സതീശൻ പറഞ്ഞു.