ആലപ്പുഴ: പുന്നപ്രയില്‍ വീട്ടമ്മയുടെ വയറ്റില്‍ കത്രിക കണ്ടെത്തിയ സംഭവത്തില്‍ നടപടി. ഉഷ ജോസഫിനെ ആശുപത്രിയിലേക്ക് മാറ്റി. ആംബുലന്‍സില്‍ അമൃത ആശുപത്രിയിലേക്കാണ് മാറ്റിയത്. കെ സി വേണുഗോപാല്‍ ഇടപെട്ട് അമൃത ആശുപത്രിയില്‍ ചികിത്സ ഉറപ്പാക്കുകയായിരുന്നു. 2021ൽ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ഉഷയ്ക്ക് ശസ്ത്രക്രിയ നടന്നിരുന്നു. അതിനിടെ വയറ്റിൽ കത്രിക കുടുങ്ങുകയായിരുന്നു എന്നാണ് പരാതി.

എംആർഐ സ്കാനിങ്ങിലാണ് ഉഷയുടെ വയറ്റിൽ കത്രിക കണ്ടെത്തിയത്. 2021ൽ വയറ്റിലെ മുഴ നീക്കാനാണ് ഉഷ ജോസഫ് ശസ്ത്രക്രിയക്ക് വിധേയയായത്. ഓപ്പറേഷന് ശേഷം ഉഷയ്ക്ക് തുടർച്ചയായി വേദന അനുഭവപ്പെട്ടിരുന്നുവെന്നും ആശുപത്രിയിൽ ഇക്കാര്യം പറഞ്ഞപ്പോൾ കാര്യമാക്കിയില്ല എന്നും ഉഷയുടെ ഭർതൃ സഹോദരൻ ജോമോൻ റിപ്പോർട്ടറിനോട് പറഞ്ഞു. സ്കാൻ ചെയ്ത് നോക്കാൻ പോലും ഡോക്ടർമാർ പറഞ്ഞിരുന്നില്ല എന്നും അദ്ദേഹം ആരോപിച്ചു. പിന്നാലെ ബ്ലീഡിങിനെതുടർന്ന് ഒരു സ്വകാര്യ ആശുപത്രിയിൽ പോയപ്പോഴാണ് ഉഷയ്ക്ക് എക്സ്റേയും സ്കാനും നിർദേശിച്ചത്. ഈ പരിശോധനയിലാണ് വയറ്റിൽ കത്രിക കണ്ടെത്തിയത്.