പാലാ : ടാക്സി ചാർജ് വർധനവ് നടപ്പിലാക്കുക, ഇന്ധനവില വർധനവിന് പരിഹാരം കാണുക, ഇൻഷുറൻസ് പ്രീമിയത്തിലെ അമിത വർധനവ് നിയന്ത്രിക്കുക, പെർമിറ്റ് സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുക, മോട്ടോർ വാഹന നിയമത്തിലെ തൊഴിലാളിവിരുദ്ധ വ്യവസ്ഥകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നവംബർ 12-ന് സംസ്ഥാന വ്യാപകമായി 24 മണിക്കൂർ ഓട്ടോ–ടാക്സി പണിമുടക്ക് നടത്തുന്നു.

ദൈനംദിനം വർധിച്ചുവരുന്ന ഇന്ധനവിലയും ഇൻഷുറൻസ് ചെലവുകളും തൊഴിലാളികളുടെ വരുമാനത്തെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. വർധിച്ചുവരുന്ന ജീവിതച്ചെലവിന് ആനുപാതികമായി ടാക്സി ചാർജ് വർധിപ്പിക്കാത്തത് തൊഴിലാളികളുടെ ജീവിതം കൂടുതൽ പ്രതിസന്ധിയിലാക്കുന്നു.

തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ച് പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണാൻ സർക്കാർ തയ്യാറാകണമെന്ന് ഓട്ടോ ടാക്സി തൊഴിലാളി സംയുക്ത യുണിയൻ പാലാ നിയോജക മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.

KTUC (M) നിയോജക മണ്ഡലം പ്രസിഡൻ്റ് ശ്രീ ജോസുകുട്ടി പൂവേലിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം AITUC ജില്ലാ വൈസ് പ്രസിഡൻ്റ് സ : M G ശേഖരൻ ഉദ്ഘാടനം ചെയ്തു . സ : K B അജേഷ് [ AITUC ] സ്വാഗതം ആശംസിച്ചു. CITU ഏരിയ സെക്രട്ടറി സ: ജോയി കഴിപ്പല , B M S നിയോജക മണ്ഡലം ഭാരവാഹികളായ ശ്രീ. ശങ്കരൻകുട്ടി R , ശ്രീ. ശിവദാസൻ K S, ശ്രീ. രാജേഷ് P R , AITUC മണ്ഡലം നേതാവ് സ: റ്റോമി മാത്യു എന്നിവർ പ്രസംഗിച്ചു.
നവംബർ 11- ന് വൈകുന്നേരം 5 PM പാലാ ആശുപത്രി കവലയിൽ നിന്നും ആരംഭിക്കുന്ന പ്രകടനത്തിൽ പങ്കെടുത്തും നവംബർ 12-ന് നടക്കുന്ന 24 മണിക്കൂർ പണിമുടക്ക് വിജയിപ്പിക്കുന്നതിനായി മുഴുവൻ ഓട്ടോ–ടാക്സി തൊഴിലാളികളും പണിമുടക്കിൽ പങ്കെടുത്ത് സഹകരിക്കണമെന്ന് സംയുക്ത ട്രേഡ് യൂണിയൻ സമിതി അഭ്യർത്ഥിച്ചു.