Kottayam

നെച്ചിപ്പുഴൂരിൽ മെഗാ രക്തദാന ക്യാമ്പും. ഷിബു തെക്കേ മറ്റത്തെ ആദരിക്കലും ശ്രദ്ധേയമായി

 

വലവൂർ: നെച്ചിപ്പുഴൂർ ശ്രീകൃഷ്ണ വിലാസം പുരുഷ സ്വാശ്രയ സംഘവും പാലാ ബ്ലഡ് ഫോറവും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ രക്തപരിശോധനാ ക്യാമ്പും മെഗാ രക്തദാന ക്യാമ്പും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

വലവൂർ ഈസ്റ്റ് എൻ.എസ്.എസ് കരയോഗ മന്ദിരത്തിൽ സംഘം പ്രസിഡന്റ് ഉണ്ണികൃഷ്ണൻ ആർ. അധ്യക്ഷത വഹിച്ച യോഗത്തിൽ പാലാ സബ് ഇൻസ്പെക്ടർ വി.ആർ. ജയചന്ദ്രൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം മുഖ്യാതിഥിയായി പങ്കെടുത്ത് രക്തദാനത്തിന്റെ മഹത്വവും സാമൂഹിക പ്രസക്തിയും വിശദീകരിച്ചുകൊണ്ട് രക്തദാന സന്ദേശം നൽകി.

ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സിബി ചിറ്റാട്ടിൽ, രജ്ഞിനി കെ.ആർ., വലവൂർ ഈസ്റ്റ് കരയോഗം പ്രസിഡന്റ് ഗിരീഷ് കൃഷ്ണൻ, ഫെഡറൽ ബാങ്ക് ക്യാമ്പ് കോർഡിനേറ്റർ അരുൺ പോൾ, സംഘം സെക്രട്ടറി അജിത് രവികുമാർ, കരയോഗം സെക്രട്ടറി വിനുകുമാർ, സിസ്റ്റർ ബ്ലസ്സി എഫ്.സി.സി., സിസ്റ്റർ ബിൻസി എഫ്.സി.സി., പി.ആർ.ഒ. വിഷ്ണു എന്നിവർ പ്രസംഗിച്ചു.

സൗജന്യ രക്തപരിശോധനാ ക്യാമ്പിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. ബി.പി., ഷുഗർ, രക്തഗ്രൂപ്പ് എന്നിവ സൗജന്യമായി പരിശോധിച്ചു. പാലാ മരിയൻ മെഡിക്കൽ സെന്റർ ആശുപത്രിയുടെയും ബ്ലഡ് ബാങ്കിന്റെയും നേതൃത്വത്തിലായിരുന്നു പരിശോധനാ ക്യാമ്പ്.
മെഗാ രക്തദാന ക്യാമ്പിൽ അൻപതോളം പേർ രക്തം ദാനം ചെയ്തു. യുവാക്കളെ രക്തദാന രംഗത്തേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ സംഘത്തിലെ അംഗങ്ങളും നാട്ടുകാരും നേരിട്ട് രക്തം ദാനം ചെയ്ത് മാതൃകയായി.

മികച്ച സംഘാടനവും നാട്ടുകാരുടെ സജീവമായ പങ്കാളിത്തവും കൊണ്ട് ഗ്രാമീണ മേഖലയിലെ ഈ ക്യാമ്പ് ഏറെ ശ്രദ്ധയാകർഷിച്ചു.
പരിപാടിയുടെ ഭാഗമായി, മൂന്നര പതിറ്റാണ്ടിലേറെയായി രക്തദാന രംഗത്ത് നിസ്തുലമായ സേവനപ്രവർത്തനങ്ങൾ നടത്തിവരുന്ന പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റത്തെ സംഘാടകരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ആദരിക്കുകയും ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top