ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ. വെള്ളിയാഴ്ച പുലർച്ചെ ദില്ലിയിലും തൊട്ടടുത്തുള്ള ദേശീയ തലസ്ഥാന മേഖലയിലും (എൻസിആർ) ഇടിമിന്നലോടുകൂടിയ കനത്ത മഴയും കാറ്റും ഉണ്ടായിരിക്കുകയാണ്.

വെള്ളിയാഴ്ച രാവിലെ ദില്ലിയിൽ ശക്തമായ ഇടിമിന്നലിനും മണിക്കൂറിൽ 70-80 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) റെഡ് അലേർട്ട് പ്രഖ്യാപിച്ചിരുന്നു. എന്നാൽ രാവിലെയോടെ ഇത് ഓറഞ്ച് അലേർട്ടായി താഴ്ത്തി.

ദില്ലിയിൽ വരും ദിവസങ്ങളിൽ കൂടുതൽ മഴ പെയ്യാനാണ് സാധ്യത. ഇന്ത്യയുടെ കിഴക്കൻ, വടക്കൻ, ദക്ഷിണേന്ത്യൻ ഭാഗങ്ങളിൽ ഇടിമിന്നലിനും മഴയ്ക്കും സാധ്യതയുള്ളതായിട്ടാണ് മുന്നറിയിപ്പ്. ദില്ലിയിൽ മരം കട പുഴകിവീണ് 4 പേർ മരിച്ചു. യുപിയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിൽ ആയിക്കഴിഞ്ഞു. ദേശീയ തലസ്ഥാനത്ത് കാലാവസ്ഥ തകരാറിലായതിനാൽ 40 ലധികം വിമാനങ്ങൾ വഴിതിരിച്ചുവിടുകയും ഏകദേശം 100 എണ്ണം വൈകുകയും ചെയ്തു.

