Kerala

പാലാ ടൗണ്‍ ബസ്റ്റ് സ്റ്റാന്റിന് മുമ്പിലെ സ്റ്റോപ്പിലെ യാത്രക്കാരും കാല്‍നടയാത്രക്കാരും അനുഭവിക്കുന്ന ബുദ്ധിമുട്ടിനെ സംബന്ധിച്ച് പരാതി നല്‍കി

 

പാലാ: ടൗണ്‍ ബസ് സ്റ്റാന്റിന് എതിര്‍വശം മെയിന്‍ റോഡിലെ ബസ് സ്റ്റോപ്പില്‍ ബസ് കാത്തുനില്‍ക്കുന്നവരും, സീബ്രാ ലൈനില്‍ കാല്‍നടയാത്രക്കാരും അനുഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ച് പാലാ പൗരാവകാശ സമിതി പ്രസിഡന്റ് ജോയി കളരിക്കല്‍ മാണി സി. കാപ്പന്‍ എം.എല്‍.എ., ആര്‍.ഡി.ഒ., ആര്‍.ടി.ഒ., ഡി.വൈ.എസ്.പി., മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ എന്നിവര്‍ക്ക് പരാതി നല്‍കി.

പാലാ ടൗണ്‍ ബസ് സ്റ്റാന്റിന്റെ മുന്‍വശം വൈപ്പന കെട്ടിടത്തിന്റെ ഫുട്പാത്തിലാണ് ഈരാറ്റുപേട്ട, തൊടുപുഴ ഭാഗത്തേക്കുള്ള യാത്രക്കാര്‍ ബസ് കാത്തുനില്‍ക്കുന്നത്. പാലാ സിവില്‍ സ്റ്റേഷനിലും ടൗണിലുമുള്ള പല സ്ഥാപനങ്ങളിലും വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവരും ടൗണിലുള്ള ഗവ. സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളും തുടങ്ങി അനേകം യാത്രക്കാര്‍ ഈ സ്റ്റോപ്പിലാണ് ബസ് കയറുവാന്‍ നില്‍ക്കുന്നത്. നേരത്തെ ഈ ഭാഗത്ത് അടഞ്ഞു കിടന്നിരുന്ന സ്ഥാപനത്തിന്റെ തിണ്ണയില്‍ കയറി നില്‍ക്കുവാന്‍ സാധിക്കുമായിരുന്നു. ഇപ്പോള്‍ അവിടെ പുതിയ സ്ഥാപനം തുടങ്ങിയതിനാല്‍ തിണ്ണയില്‍ നില്‍ക്കാന്‍ കഴിയില്ല. ഇതുമൂലം യാത്രക്കാരായ സ്ത്രീകളും കുട്ടികളും വയോജനങ്ങളും തങ്ങളുടെ ബസ് വരുന്നതുവരെ ശക്തമായ വെയിലും മഴയും കൊണ്ട് അറവമാടുകളെപ്പോലെ കാത്തുനില്‍ക്കുകയാണ്. ഈ ഭാഗത്തുള്ള സീബ്രാ ലൈനിലും റോഡിന്റെ മധ്യഭാഗത്തും പല ബസുകളും നിര്‍ത്തി യാത്രക്കാരെ കയറ്റി ഇറക്കുന്നതും സാധാരണയാണ്. ഇതുമൂലം കാല്‍നടയാത്രക്കാര്‍ക്ക് സീബ്രാ ലൈനിലൂടെ കടന്നുപോകുവാന്‍ കഴിയാത്ത അവസ്ഥയാണുള്ളതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

ഈ പ്രശ്‌നങ്ങള്‍ സാമ്പത്തിക മുടക്കില്ലാതെ തന്നെ പരിഹരിക്കുവാന്‍ കഴിയുന്ന മാര്‍ഗ്ഗമുണ്ടെന്നും ജോയി തന്റെ പരാതിയില്‍ പറയുന്നു. കൊട്ടാരമറ്റം സ്റ്റാന്റില്‍ നിന്നും വരുന്ന തൊടുപുഴ, ഈരാറ്റുപേട്ട ബസുകള്‍ ടൗണ്‍ ബസ് സ്റ്റാന്റിലേക്ക് കയറി ഇടത്തുവശത്ത് വെയ്റ്റിംഗ് ഷെഡിന് മുന്‍വശം നിര്‍ത്തി യാത്രക്കാരെ കയറ്റിയിറക്കി വീണ്ടും മെയിന്‍ റോഡില്‍ പ്രവേശിച്ച് പോകുവാന്‍ കഴിയുന്നതാണ്. ളാലം തോടിന് സൈഡിലുള്ള നെടുനീളന്‍ വെയ്റ്റിംഗ് ഷെഡ്ഡിന്റെ പകുതി ഭാഗം മാത്രമാണ് ബസ്സുകള്‍ ഉപയോഗിക്കുന്നത്. ബാക്കി ഭാഗത്ത് പൊന്‍കുന്നം സൈഡിലേക്കുള്ള ബസുകള്‍ നിര്‍ത്തിയാല്‍ യാത്രക്കാര്‍ക്ക് സൗകര്യപ്രദമാണ്. ബന്ധപ്പെട്ട അധികാരികളുടെ ഒറ്റ ഉത്തരവു മതി ഇവിടുത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

യാത്രക്കാരുടെയും കാല്‍നടയാത്രക്കാരുടെയും സുരക്ഷയ്ക്കും പൊതുജന താല്പര്യാര്‍ത്ഥം ഈ കാര്യങ്ങള്‍ നടപ്പിലാക്കുവാന്‍ ആവശ്യമായ മേല്‍നടപടികള്‍ സ്വീകരിക്കണമെന്ന് പരാതിയില്‍ ജോയി കളരിക്കല്‍ ആവശ്യപ്പെട്ടു.

പരാതി സ്വീകരിച്ച എം.എല്‍.എ. ഓഫീസ്., ആര്‍.ഡി.ഒ., ആര്‍.ടി.ഒ., ഡി.വൈ.എസ്.പി., മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ എന്നിവര്‍ കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കുകയും എത്രയും വേഗം നടപടി സ്വീകരിക്കുന്നതാണെന്നും അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top