ന്യൂഡല്‍ഹി: ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന പേരില്‍ സിനിമ പ്രഖ്യാപിച്ച സംവിധായകന്‍ മാപ്പ് പറഞ്ഞു. സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ വ്യാപക വിമര്‍ശനം ഏറ്റുവാങ്ങിയ പശ്ചാത്തലത്തിലായിരുന്നു സംവിധായകന്‍ ഉത്തം മഹേശ്വരി മാപ്പ് പറഞ്ഞത്.

സിനിമ പ്രഖ്യാപിച്ചത് പണത്തിനോ പ്രശസ്തിക്കോ വേണ്ടിയായിരുന്നില്ലെന്നാണ് ഉത്തം മഹേശ്വരി നല്‍കുന്ന വിശദീകരണം. ആരെയും വിഷമിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. രാജ്യത്തോടും സൈനികരോടുമുള്ള സ്‌നേഹവും ബഹുമാനവും അറിയിക്കുകയായിരുന്നു ലക്ഷ്യമെന്നും ഉത്തം മഹേശ്വരി പറഞ്ഞു. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.

മാപ്പപേക്ഷയ്‌ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള നന്ദിയും സംവിധായകന്‍ അറിയിച്ചു. ഈ ധീരമായ നേതൃത്വത്തിന് നന്ദി എന്നായിരുന്നു ഉത്തം പറഞ്ഞത്.

