Kerala

സ്വർണം വാങ്ങുന്നത് കുറയ്ക്കണമെന്ന അഭ്യർഥന ജനങ്ങൾ അനുസരിച്ചു; വില കുറഞ്ഞതിന്റെ നേട്ടം ജനങ്ങൾക്കെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

സ്വർണം വാങ്ങുന്നത് കുറയ്ക്കണമെന്ന അഭ്യർഥന ജനങ്ങൾ അനുസരിച്ചു; വില കുറഞ്ഞതിന്റെ നേട്ടം ജനങ്ങൾക്കെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിസ്വർണം വാങ്ങുന്നത് കുറയ്ക്കണമെന്ന തന്റെ അഭ്യർഥന രാജ്യത്തെ ജനങ്ങൾ സ്വീകരിച്ചതാണ് സ്വർണവില കുറയാൻ കാരണമായതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അനാവശ്യമായി സ്വർണം വാങ്ങുന്നത് ഒഴിവാക്കണമെന്ന നിർദേശം ജനങ്ങൾ അനുസരിച്ചതിലൂടെ അവർക്ക് പണം ലാഭിക്കാൻ കഴിഞ്ഞെന്നും പ്രധാനമന്ത്രി പറഞ്ഞു. ഉത്തർപ്രദേശിലെ ലഖ്നോവിൽ നടന്ന ദേശീയ നൈപുണ്യ പരിശീലന ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അത്യാവശ്യമില്ലെങ്കിൽ ഒരു വർഷത്തേക്ക് സ്വർണം വാങ്ങുന്നത് ഒഴിവാക്കണമെന്ന് രാജ്യത്തെ ജനങ്ങളോട് താൻ അഭ്യർഥിച്ചിരുന്നു. ജനങ്ങൾ ആ നിർദേശം സ്വീകരിച്ചതിൽ സന്തോഷമുണ്ട്. സ്വർണം വാങ്ങുന്നത് കുറഞ്ഞതോടെ വിലയും താഴ്ന്നു. തന്റെ ഉപദേശം അനുസരിച്ചതിലൂടെ പണം ലാഭിക്കാൻ കഴിഞ്ഞെന്ന് നിരവധി പേർ തന്നോട് പറഞ്ഞതായും പ്രധാനമന്ത്രി അവകാശപ്പെട്ടു.

മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെ ആഹ്വാനത്തോടാണ് മോദി തന്റെ നിർദേശത്തെ താരതമ്യം ചെയ്തത്. ഭക്ഷ്യക്ഷാമകാലത്ത് ഒരു നേരത്തെ ഭക്ഷണം ഉപേക്ഷിക്കണമെന്ന് ശാസ്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടപ്പോൾ രാജ്യം അത് അനുസരിച്ചു. അതേ മനോഭാവം ഇന്നും ഇന്ത്യയിലെ ജനങ്ങൾ നിലനിർത്തുന്നുണ്ടെന്ന് മോദി പറഞ്ഞു.

പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്നുണ്ടായ സാമ്പത്തിക അനിശ്ചിതത്വത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ മേയിലാണ് അനാവശ്യ സ്വർണവാങ്ങൽ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർഥിച്ചത്. വിദേശനാണ്യ ചെലവ് കുറയ്ക്കുന്നതിനും ഇറക്കുമതിയെ ആശ്രയിക്കുന്നത് നിയന്ത്രിക്കുന്നതിനുമുള്ള നിർദേശങ്ങളുടെ ഭാഗമായിരുന്നു ഇത്.

അതേസമയം, രാജ്യാന്തര വിപണിയിലെ മാറ്റങ്ങളും ഡോളറിന്റെ മൂല്യം ഉയരുന്നതും അമേരിക്കൻ പലിശനിരക്ക് സംബന്ധിച്ച പ്രതീക്ഷകളുമാണ് സ്വർണവിലയിലെ ഇടിവിന് പ്രധാന കാരണങ്ങളായി വിപണി വിദഗ്ധർ വിലയിരുത്തുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാജ്യാന്തര വിപണിയിൽ സ്വർണവിലയിൽ ഏകദേശം ഒമ്പത് ശതമാനത്തിന്റെ ഇടിവുണ്ടായിട്ടുണ്ട്.

സ്വർണവിലയിലെ ഇടിവിന് ജനങ്ങളുടെ വാങ്ങൽ നിയന്ത്രണവും കാരണമായെന്നാണ് പ്രധാനമന്ത്രിയുടെ അവകാശവാദം

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top