ഉറുഗ്വേ: അർജന്റീന പ്രസിഡന്റ് ജാവിയർ മിലിക്കെതിരെ കടുത്ത വിമർശനവുമായി ലിയോ പതിനാലാമൻ മാർപാപ്പ.രാജ്യത്ത് നടപ്പാക്കുന്ന തീവ്ര സാമ്പത്തിക നടപടികള്‍ ജനദ്രോഹപരമെന്നും കടുത്ത ചെലവ് ചുരുക്കല്‍ സാധാരണക്കാരെ ബാധിക്കുന്നുവെന്നും മാർപാപ്പ ചൂണ്ടിക്കാട്ടി.

അർജന്റീന സന്ദർശനത്തിനിടെയാണ് തീവ്രവലതുപക്ഷ നേതാവായ ജാവിയർ മിലിക്കെതിരെ മാർപാപ്പ രംഗത്തെത്തിയത്. 40 വർഷത്തിന് ശേഷം ഇതാദ്യമായാണ് ഒരു മാർപാപ്പ അർജന്റീനയില്‍ സന്ദർശനം നടത്തുന്നത്. 1987-ല്‍ ജോണ്‍ പോള്‍ രണ്ടാമനാണ് അവസാനമായി അർജന്റീന സന്ദർശിച്ച മാർപാപ്പ.ലോകത്ത് ഏറ്റവും കൂടുതല്‍ കത്തോലിക്കരുള്ള സ്ഥലമാണിത്.

സാമ്പത്തിക വളർച്ചയുടെ പ്രയോജനം എല്ലാവരിലേക്കും എത്തണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. സാമ്പത്തിക വ്യവസ്ഥ ജനങ്ങള്‍ക്ക് സേവനം ചെയ്യുന്നതാകണം, അല്ലാതെ ജനങ്ങള്‍ സാമ്പത്തിക വ്യവസ്ഥയ്ക്ക് സേവനം ചെയ്യുന്നവരാകരുത്, അദ്ദേഹം പറഞ്ഞു.

കഠിനാധ്വാനം ചെയ്തിട്ടും കുടുംബത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാൻ പാടുപെടുന്നവരുടെ ദുരവസ്ഥ ലിയോ എടുത്തുപറഞ്ഞു. ഓരോ രോഗാവസ്ഥകാരണം മറ്റുള്ളവരെ ആശ്രയിക്കേണ്ട അവസ്ഥ, ശാരീരികമോ മാനസികമോ ആയ വൈകല്യങ്ങള്‍ എന്നിവയാല്‍ ബുദ്ധിമുട്ടുന്നവരോട് പ്രത്യേക പരിഗണന കാണിക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വൈകല്യമുള്ളവർക്കുള്ള സഹായധനം സർക്കാർ വെട്ടിക്കുറച്ചതിനെതിരായ പരോക്ഷമായ വിമർശനമായിരുന്നു ഇത്.
അപകടകരമായ ഭാഷാപ്രയോഗങ്ങള്‍ക്ക് പേരുകേട്ട മൈലിയോട്, ജനാധിപത്യം ശക്തിപ്പെടുത്താൻ കേള്‍ക്കാനുള്ള സന്നദ്ധതയും വാക്കുകള്‍ സൂക്ഷ്മമായി ഉപയോഗിക്കാനുള്ള ബോധവും ആവശ്യമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.