Kerala

കോഴിക്കോട് വയോധികയെ ആശുപത്രിയില്‍ ഉപേക്ഷിച്ച മക്കള്‍ സംരക്ഷണം ഏറ്റെടുക്കണം; 50 ലക്ഷം അക്കൗണ്ടില്‍ നിക്ഷേപിക്കണം

കോഴിക്കോട് വയോധികയെ ആശുപത്രിയില്‍ ഉപേക്ഷിച്ച മക്കള്‍ സംരക്ഷണം ഏറ്റെടുക്കണം; 50 ലക്ഷം അക്കൗണ്ടില്‍ നിക്ഷേപിക്കണംഡിസ്ചാർജ് ചെയ്തിട്ടും കൊണ്ടുപോകാനാളില്ലാതെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ എഴുപതുകാരി ശോഭയുടെ സംരക്ഷണം മക്കള്‍ ഏറ്റെടുക്കണമെന്ന് ജില്ലാ ലീഗല്‍ സർവീസസ് അതോറിറ്റി ഉത്തരവിട്ടു.

കൂടാതെ ശോഭയുടെ പേരില്‍ വിറ്റ ഭൂമിയുടെ തുകയായ 50 ലക്ഷം രൂപ ശോഭയുടെയും മൂന്ന് മക്കളുടെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടില്‍ നിക്ഷേപിക്കാനും അതോറിറ്റി നിർദേശിച്ചു.വാർത്തയെത്തുടർന്ന് സ്വമേധയാ എടുത്ത കേസില്‍ ജില്ലാ ലീഗല്‍ സർവീസസ് അതോറിറ്റി സെക്രട്ടറിയും സീനിയർ ഡിവിഷൻ സിവില്‍ ജഡ്ജിയുമായ എം.സി. ബിജുവാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

വലതുപാദത്തില്‍ മുറിവുവെച്ച്‌ പുഴുവരിച്ചനിലയില്‍ കഴിഞ്ഞ ഒക്ടോബർ 12-നാണ് കൊയിലാണ്ടി ആനക്കുളം സ്വദേശിനിയായ ശോഭയെ മകൻ ശ്രീജിത്ത് കോഴിക്കോട് പി.വി.എസ്. സണ്‍റൈസ് ആശുപത്രിയിലാക്കുന്നത്. ഒക്ടോബർ 24-ന് ഡിസ്ചാർജ് നിർദേശിച്ചെങ്കിലും മക്കളോ മാനേജരോ ഇവരെ കൊണ്ടുപോകാൻ തയാറായില്ല. തുടർന്ന് ആശുപത്രി അധികൃതർ കളക്ടർക്കും ടൗണ്‍ പോലീസിനും പരാതി നല്‍കുകയായിരുന്നു. കളക്ടറേറ്റ്, സാമൂഹികനീതി വകുപ്പ്, ജില്ലാ ലീഗല്‍ സർവീസസ് അതോറിറ്റി എന്നിവരുടെ ശക്തമായ ഇടപെടലിനെ തുടർന്ന് നവംബർ മൂന്നിനാണ് മകനും മാനേജരും ചേർന്ന് ഇവരെ ഡിസ്ചാർജ് ചെയ്തത്.

പരിശോധനയില്‍ മാനേജർ എന്ന് വിളിക്കുന്ന സുരേഷ് ബാബു ശോഭയുടെ പേരിലുള്ള ഭൂമി വിറ്റതായും ഈ തുക കൈമാറിയിട്ടില്ലെന്നും അതോറിറ്റി കണ്ടെത്തിയിരുന്നു. തുടർന്നാണ് 50 ലക്ഷം രൂപ ജോയിന്റ് അക്കൗണ്ടില്‍ നിക്ഷേപിക്കാൻ ഉത്തരവിട്ടത്.

തിങ്കളാഴ്ച നടന്ന ഹിയറിങ്ങില്‍ മക്കളായ ശ്രീജിത്ത്, സ്വപ്ന, മാനേജർ സുരേഷ് ബാബു, ചേമഞ്ചേരി വില്ലേജ് ഓഫീസർ, ചേവായൂർ, ടൗണ്‍ പോലീസ് എസ്.എച്ച്‌.ഒമാർ എന്നിവർ ഹാജരായി. വിദേശത്തുള്ള മകൻ രഞ്ജിത്ത് വീഡിയോ കോണ്‍ഫറൻസ് വഴി പങ്കെടുത്തു. ശോഭ നിലവില്‍ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top