Kerala

ചക്കക്കൊമ്പനെ മയക്കുവെടിവെച്ച് റേഡിയോ കോളർ ഘടിപ്പിക്കാൻ ‘മിഷൻ ചക്കക്കൊമ്പൻ’; ചിന്നക്കനാലിൽ നിരോധനാജ്ഞ, വിനോദസഞ്ചാരത്തിനും വിലക്ക്

 

ഇടുക്കി: ചിന്നക്കനാൽ, ശാന്തൻപാറ മേഖലകളിൽ ഭീതിവിതച്ച് ജനവാസ മേഖലകളിലിറങ്ങി കൃഷി നശിപ്പിക്കുന്ന കാട്ടാന ചക്കക്കൊമ്പനെ മയക്കുവെടിവെച്ച് റേഡിയോ കോളർ ഘടിപ്പിക്കുന്നതിനുള്ള ദൗത്യം ഊർജിതമാകുന്നു. ‘മിഷൻ ചക്കക്കൊമ്പൻ’ എന്ന് പേരിട്ടിരിക്കുന്ന ദൗത്യത്തിന്റെ ഭാഗമായി ചിന്നക്കനാലിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

ചിന്നക്കനാൽ പഞ്ചായത്തിലെ 1, 2, 9, 10, 11, 12 വാർഡുകളിലാണ് നവംബർ 25 ബുധനാഴ്ച നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. നവംബർ 24 മുതൽ 26 വരെ മൂന്ന് ദിവസത്തേക്ക് ഈ മേഖലയിൽ വിനോദസഞ്ചാര പ്രവർത്തനങ്ങൾക്കും നിരോധനമുണ്ട്. ഇടുക്കി ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ടാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

ദൗത്യത്തിനായി വയനാട്ടിലെ മുത്തങ്ങ ആനത്താവളത്തിൽനിന്ന് വിക്രം, ഭരത് എന്നീ രണ്ട് കുങ്കിയാനകളെ ചിന്നക്കനാലിൽ എത്തിച്ചിട്ടുണ്ട്. വനംവകുപ്പിന്റെ വിവിധ ദൗത്യങ്ങളിൽ പരിചയസമ്പത്തുള്ള കുങ്കിയാനകളാണ് ഇവ.

വനംവകുപ്പിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പ്രദേശത്ത് പരിശോധനയും നിരീക്ഷണവും നടത്തും. ചക്കക്കൊമ്പൻ അനുയോജ്യമായ സ്ഥലത്ത് എത്തുന്ന സാഹചര്യമുണ്ടായാൽ നവംബർ 25 അല്ലെങ്കിൽ 26 തീയതികളിൽ മയക്കുവെടിവെച്ച് റേഡിയോ കോളർ ഘടിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

ദൗത്യം സുരക്ഷിതമായി പൂർത്തിയാക്കുന്നതിനായി സ്വകാര്യ ഡ്രോണുകൾ പറത്തുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ദൗത്യം നടക്കുന്ന പ്രദേശങ്ങളിൽ ജനങ്ങൾ കൂട്ടംകൂടുന്നതിനും നിയന്ത്രണമുണ്ടാകും.കൂടാതെ നിരോധന കാലയളവിൽ ബന്ധപ്പെട്ട വാർഡുകളിലെ തോട്ടം ജോലികൾക്കും തൊഴിലുറപ്പ് പണിയിലേർപ്പിട്ടിരിക്കുന്നവർക്കും നിയന്ത്രണമുണ്ട് .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top