പശ്ചിമേഷ്യൻ സംഘർഷത്തിനിടെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള യാത്രാ നിയന്ത്രണങ്ങളിൽ നിന്ന് ഇന്ത്യ ഉൾപ്പെടെ നാല് രാജ്യങ്ങളിൽ നിന്നുള്ള ചരക്കുകപ്പലുകളെ ഒഴിവാക്കിയതായി ഇറാൻ. ഇന്ത്യ, ചൈന, ഇറാഖ്, ഖത്തർ എന്നീ രാജ്യങ്ങളിൽ നിന്നുള്ള കപ്പലുകൾക്ക് തടസ്സമില്ലാതെ കടന്നുപോകാൻ അനുമതിയുണ്ടെന്നാണ് ഇറാനിയൻ പാർലമെന്റ് അംഗത്തിന്റെ വെളിപ്പെടുത്തൽ. ഇന്ത്യയിൽ നിന്നുള്ള മരുന്നുകളുടെ വിതരണം സുഗമമാക്കുക എന്നതും ഇളവിന് പിന്നിലെ ലക്ഷ്യങ്ങളിലൊന്നാണ്.

ഇറാൻ പാർലമെന്റിന്റെ ദേശീയ സുരക്ഷാ, വിദേശ നയ സമിതിയുടെ ഡെപ്യൂട്ടി ചെയർമാൻ അമീർ ഹയാത്ത് മൊഗദ്ദാമാണ് ഇക്കാര്യം അറിയിച്ചത്. ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗത നിയന്ത്രണങ്ങളിൽ നിന്ന് നിലവിൽ ഇന്ത്യ, ചൈന, ഇറാഖ്, ഖത്തർ എന്നീ രാജ്യങ്ങളെ ഒഴിവാക്കിയിട്ടുണ്ടെന്നും ഈ രാജ്യങ്ങളിൽ നിന്നുള്ള കപ്പലുകൾക്ക് തടസ്സമില്ലാതെ കടന്നുപോകാമെന്നും അദ്ദേഹം ചൊവ്വാഴ്ച ഇറാനിയൻ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. അമേരിക്കയും ഈ കപ്പലുകളെ തടയുന്നില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

നാല് രാജ്യങ്ങളുമായുള്ള ബന്ധത്തിൽ ഇറാന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഇളവുകളെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. ഇന്ത്യയിൽ നിന്ന് മരുന്നുകൾ ഇറക്കുമതി ചെയ്യുന്നതിനായി ഇന്ത്യൻ കപ്പലുകൾക്ക് യാത്രാസൗകര്യം ഒരുക്കുന്നുണ്ട്. ചൈനീസ് കപ്പലുകൾക്ക് ഇളവ് അനുവദിച്ചത് ചൈനയുടെ പിന്തുണ ഉറപ്പാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. മാപ്പുകൾകാണുക

അതേസമയം, ഇളവുകൾ ലഭിച്ച രാജ്യങ്ങളിലെ കപ്പലുകൾക്ക് ഒരേ രീതിയിലുള്ള പരിഗണനയല്ല ലഭിക്കുന്നതെന്നും അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ, ചൈനീസ് കപ്പലുകളിൽ നിന്ന് ഇറാൻ യാത്രാഫീസ് ഈടാക്കുന്നുണ്ട്. എന്നാൽ ഖത്തർ കപ്പലുകൾക്ക് ഫീസില്ലാതെ കടന്നുപോകാൻ അനുമതിയുണ്ട്. ഇറാഖി കപ്പലുകൾ യാത്രാഫീസ് നൽകേണ്ടതുണ്ടോ എന്ന കാര്യത്തിൽ അദ്ദേഹം വ്യക്തത വരുത്തിയിട്ടില്ല.