Kerala

കളഞ്ഞുകിട്ടിയ പേഴ്സും പണവും ഉടമയ്ക്ക് തിരികെ നൽകി ഹരിത കർമ്മസേന അംഗം; ഒപ്പം സമ്മാനമായി പുതിയ പേഴ്സുകളും

ഇലഞ്ഞി: വഴിയിൽ നിന്ന് കളഞ്ഞുകിട്ടിയ പേഴ്സും അതിലുണ്ടായിരുന്ന പണവും ഉടമയെ കണ്ടെത്തി തിരികെ നൽകി ഇലഞ്ഞി ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മസേന അംഗം അഞ്ജു മനോജ് നാടിന് മാതൃകയായി. ഇലഞ്ഞി ഗ്രാമപഞ്ചായത്ത് പത്താം വാർഡിലെ ഹരിത കർമ്മസേന അംഗമാണ് അഞ്ജു. സത്യസന്ധതയ്ക്ക് പുറമെ, ഉടമയുടെ നഷ്ടപ്പെട്ട പഴയ പേഴ്സിനു പകരം മനോഹരമായ രണ്ട് പുതിയ പേഴ്സുകൾ കൂടി സ്വന്തം നിലയിൽ സമ്മാനിച്ചാണ് അഞ്ജു ഏവരുടെയും കയ്യടി നേടിയത്.

മരങ്ങോലി സ്വദേശിയും കൊറിയർ സർവീസ് ജീവനക്കാരനുമായ ബിബിൻ കെയുടെ പേഴ്സാണ് നഷ്ടപ്പെട്ടത്. നാലായിരത്തോളം രൂപ ഇതിൽ ഉണ്ടായിരുന്നു. പേഴ്സ് നഷ്ടപ്പെട്ട വിവരം ബിബിൻ ഗ്രാമപഞ്ചായത്ത് അംഗം എം.പി ജോസഫിനെ അറിയിച്ചിരുന്നു. അതേസമയം തന്നെ, പേഴ്സ് കളഞ്ഞുകിട്ടിയ വിവരം അഞ്ജു ഇലഞ്ഞിയിലെ വാട്സ്ആപ്പ് കൂട്ടായ്മയിൽ പങ്കുവെച്ചു. ഈ സന്ദേശം ശ്രദ്ധയിൽപ്പെട്ട എം.പി ജോസഫ് ബിബിനെയും അഞ്ജുവിനെയും പഞ്ചായത്ത് ഓഫീസിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.

തുടർന്ന് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ പേഴ്സ് ബിബിന് കൈമാറി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡിൻസി ജോജി, അംഗങ്ങളായ മോളി ആന്റണി, സുരേഷ് നാണുക്കുട്ടൻ,

പഞ്ചായത്ത് സെക്രട്ടറി തോമസ് ഉമ്മൻ, മറ്റ് പഞ്ചായത്ത് ജീവനക്കാർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കൈമാറ്റം. അഞ്ജുവിന്റെ ഈ സന്മനസ്സിനെയും മാതൃകാപരമായ പ്രവൃത്തിയെയും പ്രശംസിച്ച് ജനപ്രതിനിധികളും നാട്ടുകാരും രംഗത്തെത്തി. ഈ പ്രവൃത്തിയിലൂടെ പഞ്ചായത്തിന് തന്നെ അഭിമാനമായി മാറിയിരിക്കുകയാണ് അഞ്ജു മനോജ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top