ഗാസ: ഹമാസ് തലവന്‍ യഹിയ സിന്‍വര്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍. ബുധനാഴ്ച നടത്തിയ ആക്രമണത്തിലാണ് യഹിയ സിന്‍വര്‍ കൊല്ലപ്പെട്ടതെന്നാണ് ആരോപണം. ഇസ്രായേല്‍ വിദേശകാര്യമന്ത്രി ഇസ്രയേല്‍ കട്‌സാണ് ഇക്കാര്യം അറിയിച്ചത്. ‘ഇത് ഇസ്രയേലിന്റെ സൈനികവും ധാര്‍മികവുമായ നേട്ടമാണ്. ഇറാന്റെ നേതൃത്വത്തിലുള്ള റാഡിക്കല്‍ ഇസ്‌ലാമിന്റെ അച്ചുതണ്ടിനെതിരായ മുഴുവന്‍ സ്വതന്ത്ര ലോകത്തിന്റെയും വിജയമാണിത്. സിന്‍വറിന്റെ വധം ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള സാധ്യത തുറക്കുകയും ഹമാസും ഇറാന്റെ നിയന്ത്രണവുമില്ലാതെയുള്ള പുതിയ ഗാസയിലേക്കുള്ള മാറ്റത്തിലേക്കുള്ള വഴിയുമാണ്’, ഇസ്രയേല്‍ കട്‌സ് പറഞ്ഞു.
ഇസ്രയേല്‍ പൗരന്മാര്‍ക്കും മറ്റ് രാജ്യങ്ങളിലെ പൗരന്മാര്‍ക്കും ആയിരക്കണക്കിന് നിരപരാധികള്‍ക്കുമെതിരെ നടത്തുന്ന തീവ്രവാദത്തിന്റെ ഹീന പ്രവര്‍ത്തികളുടെ ഉത്തരവാദിയാണ് സിന്‍വറെന്ന് ഇസ്രയേല്‍ പ്രസിഡന്റ് ഇസാക് ഹെര്‍സോഗ് പറഞ്ഞു. ഹമാസിന്റെ ബന്ദികളായി കഴിയുന്ന 101 പേരെ അടിയന്തരമായി മോചിപ്പിക്കാനുള്ള ശ്രമം നടത്തുമെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. ഇത് യുദ്ധത്തിന്റെ അവസാനമല്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും അറിയിച്ചു.