പശ്ചിമബംഗാളില്‍ സ്വകാര്യ ഹോട്ടലിലുണ്ടായ തീപിടുത്തത്തിൽ 14 പേര്‍ മരിച്ചു. കൊല്‍ക്കത്തയിലെ നഗരമധ്യത്തിലുള്ള ഹോട്ടലില്‍ ഇന്നലെ രാത്രിയാണ് തീപിടുത്തം ഉണ്ടായത്.

രാത്രി എട്ടരയോടെയാണ് കൊൽക്കത്തയിലെ ബുറാബസാറിലെ റിതുരാജ് ഹോട്ടലിൽ തീപിടുത്തമുണ്ടാവുന്നത്. ഒന്നാം നിലയിലാണ് ആദ്യം തീ പടർന്നത്. പിന്നാലെ മുകൾ നിലയിലേക്കും തീയും പുകയും പടർന്നു.പരിഭ്രാന്തരായ താമസക്കാർ ആറ് നിലക്കെട്ടിടത്തിൻറെ ടെറസിലേക്ക് ഓടിക്കയറി. പുക ശ്വസിച്ച് ചിലർ ബോധരഹിതരായി.

ഇടുങ്ങിയ വഴികളിലൂടെ അഗ്നിശമന സേന എത്താൻ ബുദ്ധിമുട്ടി. മണിക്കൂറുകൾ പണിപ്പെട്ടാണ് തീയണച്ചത്.എട്ട് മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. പരുക്കുകളോടെ 13 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

