
ഈരാറ്റുപേട്ട:മിനി സിവിൽ സ്റ്റേഷൻ നിർമ്മാണത്തിന് ആവശ്യമായ 50 സെന്റ് അധിക സ്ഥലം കൂടി അനുവദിക്കണമെന്നാവശ്യപ്പെട്ട് കോട്ടയം ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ഐ.എ.എസിന് നിവേദനം നൽകി. ആന്റോ ആന്റണി എം.പി., അഡ്വ. എം.ജെ. സെബാസ്റ്റ്യൻ എം.എൽ.എ., നഗരസഭ ചെയർപേഴ്സൺ അഡ്വ. വി.പി. നാസർ, കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. വി.എം. മുഹമ്മദ് ഇല്യാസ് എന്നിവർ ചേർന്നാണ് തിങ്കളാഴ്ച നിവേദനം നൽകിയത്. ആവശ്യകത സംബന്ധിച്ച് നേതാക്കൾ ജില്ലാ കളക്ടറുമായി ചർച്ചയും നടത്തി.

മിനി സിവിൽ സ്റ്റേഷന് അധിക സ്ഥലം അനുവദിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാസം റവന്യൂ മന്ത്രി എ.പി. അനിൽകുമാറിന് യു.ഡി.എഫ് നേതാക്കൾ നിവേദനം നൽകിയിരുന്നു. ഇതിന്റെ തുടർനടപടികൾ വേഗത്തിലാക്കി ആവശ്യമായ സ്ഥലം ലഭ്യമാക്കുന്നതിനായാണ് ജില്ലാ കളക്ടറെ സമീപിച്ചത്.

ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷനായി വടക്കേക്കരയിൽ പോലീസ് സ്റ്റേഷന് സമീപമുള്ള 2.79 ഏക്കർ സർക്കാർ ഭൂമിയിൽനിന്ന് ഒരേക്കർ സ്ഥലം അനുയോജ്യമാണെന്ന് ചൂണ്ടിക്കാട്ടി കോട്ടയം ജില്ലാ കളക്ടർ 2022 ഫെബ്രുവരി 23-ന് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
എന്നാൽ ഇവിടെ സിവിൽ സ്റ്റേഷൻ സ്ഥാപിക്കുന്നതിനെതിരെ ഈരാറ്റുപേട്ട തീവ്രവാദ കേന്ദ്രമാണെന്ന തരത്തിൽ അന്നത്തെ ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ജില്ലാ പോലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ട് വ്യാപക പ്രതിഷേധത്തിന് ഇടയാക്കി. ഈ റിപ്പോർട്ടാണ് പദ്ധതിക്ക് തടസ്സമായതെന്നാണ് ആക്ഷേപം. നാട്ടുകാരുടെ നിവേദനത്തെ തുടർന്ന് 2025 മാർച്ച് 30-ന് അന്നത്തെ ജില്ലാ പോലീസ് മേധാവി എ. ഷാഹുൽ ഹമീദ് ഐ.പി.എസ്. റിപ്പോർട്ടിൽ ഭാഗികമായി തിരുത്തൽ വരുത്തി സംസ്ഥാന പോലീസ് മേധാവിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
ഈരാറ്റുപേട്ട വടക്കേക്കരയിലെ സർക്കാർ ഭൂമിയിൽ മിനി സിവിൽ സ്റ്റേഷൻ നിർമ്മാണത്തിന് 2026 മാർച്ച് 9-ന് അന്നത്തെ റവന്യൂ മന്ത്രി കെ. രാജൻ തറക്കല്ലിട്ടിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ളതും ക്രമവിരുദ്ധവുമായ നടപടിയാണെന്ന് ആരോപിച്ച് യു.ഡി.എഫ് നിർമ്മാണോദ്ഘാടനം ബഹിഷ്കരിച്ചിരുന്നു. എന്നാൽ തറക്കല്ലിട്ട് ഒമ്പത് മാസം പിന്നിട്ടിട്ടും നിർമ്മാണം ആരംഭിച്ചിട്ടില്ല. നിർമ്മാണ പെർമിറ്റിന് ഒരു മാസം മുമ്പാണ് ആവശ്യമായ രേഖകൾ നഗരസഭയിൽ റവന്യൂ വകുപ്പ് സമർപ്പിച്ചതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഏറ്റുമാനൂർ മിനി സിവിൽ സ്റ്റേഷന് 80 സെന്റ് ഭൂമി അനുവദിച്ചുകൊണ്ട് ഒന്നര വർഷം മുമ്പ് ജില്ലാ കളക്ടർ ഉത്തരവിറക്കിയിട്ടുണ്ടെന്നാണ് വിവരം. ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷന് 50 സെന്റ് ഭൂമി അനുവദിച്ചതിന്റെ രേഖകൾ യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷമാണ് പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന് ലഭിച്ചത്. എന്നാൽ പാർക്കിംഗ് സൗകര്യത്തിനായി പ്രത്യേക സ്ഥലം അനുവദിച്ചിട്ടില്ല.
50 സെന്റ് അധിക ഭൂമി കൂടി അനുവദിച്ചാൽ വാഹന പാർക്കിംഗിനും മിനി സിവിൽ സ്റ്റേഷന്റെ ഭാവി വികസനത്തിനും പ്രയോജനപ്പെടുമെന്നാണ് യു.ഡി.എഫ് നേതാക്കളുടെ നിലപാട്.