Kerala

ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിനെതിരെ പ്രതിഷേധം ഉയര്‍ത്തിയതുമായി ബന്ധപ്പെട്ട് നടപടി:ചെയര്‍മാനും വൈസ് ചെയര്‍പേഴ്‌സണും സസ്‌പെന്‍ഷന്‍

 

എറണാകുളം മഹാരാജാസ് കോളേജില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിനെതിരെ പ്രതിഷേധം ഉയര്‍ത്തിയതുമായി ബന്ധപ്പെട്ട് നടപടി. കോളേജ് യൂണിയന്‍ ചെയര്‍മാന്‍ പ്രണീല്‍രാജിനെയും വൈസ് ചെയര്‍പേഴ്‌സണ്‍ നഫീസത്തുല്‍ മിസ്രിയയെയും സസ്‌പെന്‍ഡ് ചെയ്തു.പത്ത് ദിവസത്തേക്കാണ് ഇരുവരെയും സസ്‌പെന്‍ഡ് ചെയ്തത്.

സസ്‌പെന്‍ഷന്‍ നടപടിയെ രാഷ്ട്രീയപരമായി പ്രതിരോധിക്കുമെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പറഞ്ഞു.സംസ്ഥാന വ്യാപകമായി ചോദ്യങ്ങള്‍ ചോദിക്കുമെന്നും സഞ്ജീവ് പറഞ്ഞു. കാലടി സര്‍വകലാശാലയിലെ വിഷയത്തില്‍ ഇടപെടാന്‍ കഴിയില്ലെന്നാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി പറയുന്നത്.സര്‍വകലാശാലയുടെ പ്രോ ചാന്‍സലര്‍ ആണ് മന്ത്രി. ഇടപെടാന്‍ കഴിയില്ലെങ്കില്‍ മന്ത്രി സ്ഥാനം രാജിവെയ്ക്കണമെന്നും സഞ്ജീവ് പറഞ്ഞു.

ഇക്കഴിഞ്ഞ 30-ാം തീയതിയായിരുന്നു മഹാരാജാസ് കോളേജില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിനെതിരെ പ്രതിഷേധം ഉയര്‍ന്നത്.ബിരുദദാന ചടങ്ങിനിടെയായിരുന്നു സംഭവം. കാലടി സര്‍വകലാശാലയിലെ പതിനാറ് വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷന്‍ നടപടി ചൂണ്ടിക്കാട്ടി കോളേജ് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ നഫീസത്തുല്‍ മിസ്രിയ രംഗത്തുവരികയും മന്ത്രിയോട് ചോദ്യം ഉയര്‍ത്തുകയുമായിരുന്നു.

പരിപാടി കഴിഞ്ഞ് മറുപടി നല്‍കാമെന്നായിരുന്നു മന്ത്രി പറഞ്ഞത്. രണ്ട് ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ എന്താണ് ഇത്ര പേടിയെന്ന് നഫീസത്തുല്‍ തിരിച്ച് ചോദിച്ചു.ഇതിനിടെ ‘വിദ്യാര്‍ത്ഥികളെ എന്തിന് സസ്പെന്‍ഡ് ചെയ്തു’, ‘കാലടിയിലെ വിദ്യാര്‍ത്ഥികളെ നിങ്ങള്‍ മറന്നാലും ഞങ്ങള്‍ മറക്കില്ല’, എന്നിങ്ങനെ എഴുതിയ ബാനറുകള്‍ ഉയര്‍ത്തി എസ്എഫ്ഐ പ്രവര്‍ത്തകര്‍ മന്ത്രിയെ വളഞ്ഞു.

തുടര്‍ന്ന് സ്ഥലത്തുണ്ടായിരുന്ന സുരക്ഷാ ജീവനക്കാര്‍ ചോദ്യം ചോദിച്ച മിസ്രിയയെ നീക്കം ചെയ്യാന്‍ ശ്രമിച്ചതോടെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധം ശക്തമാക്കി. പ്രതിഷേധം കനത്തതോടെ പ്രസംഗം അവസാനിപ്പിച്ച് മന്ത്രി റോജി എം ജോണ്‍ വേദി വിടുകയായിരുന്നു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top