Kerala

കടലക്കറി കൂടുതൽ ചോദിച്ചു കുപിതനായ കടക്കാരൻ കസ്റ്റമറെ കുത്തി ;ചികിത്സയിലിരിക്കെ യുവാവിന് ദാരുണ അന്ത്യം

ഡല്‍ഹി: ഭക്ഷണത്തോടൊപ്പം കടലക്കറി അധികം ചോദിച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് തെരുവ് കച്ചവടക്കാരന്റെ കുത്തേറ്റ 35-കാരന്‍ മരിച്ചു.ഔട്ടര്‍ ഡല്‍ഹിയിലെ നിഹാല്‍ വിഹാര്‍ പ്രദേശത്ത് ഞായറാഴ്ച രാത്രിയാണ് ക്രൂരമായ സംഭവം നടന്നത്. ഡ്രൈവറായ സന്ദീപ് എന്നയാളാണ് ചൊവ്വാഴ്ച ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. സംഭവത്തില്‍ ഛോലെ ഭട്ടൂരെ കച്ചവടക്കാരനായ ചിന്തു ഗുപ്ത എന്നയാളെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

ഞായറാഴ്ച രാത്രി ജ്വാലാപുരി നാലായ്ക്ക് സമീപമുള്ള ചിന്തു ഗുപ്തയുടെ ഭക്ഷണക്കടയില്‍ എത്തിയ സന്ദീപ് ഒരു പ്ലേറ്റ് ഛോലെ ഭട്ടൂരെ ഓര്‍ഡര്‍ ചെയ്തിരുന്നു. ഭക്ഷണം കഴിക്കുന്നതിനിടെ സന്ദീപ് കുറച്ചുകൂടി കടലക്കറി ആവശ്യപ്പെട്ടെങ്കിലും കച്ചവടക്കാരന്‍ നല്‍കാന്‍ തയ്യാറായില്ല.

ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ കടുത്ത വാക്ക് തര്‍ക്കമുണ്ടാവുകയും, ആ പ്രകോപനത്തില്‍ ചിന്തു ഗുപ്ത കടയിലുണ്ടായിരുന്ന കത്തിയെടുത്ത് സന്ദീപിന്റെ വയറ്റിലും കൈയിലും കുത്തുകയുമായിരുന്നു.

ഗുരുതരമായി പരിക്കേറ്റ സന്ദീപിനെ ആദ്യം സഞ്ജയ് ഗാന്ധി മെമ്മോറിയല്‍ ആശുപത്രിയിലും പിന്നീട് പഞ്ചാബി ബാഗിലെ മഹാരാജ അഗ്രസെന്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ബന്ധുക്കളുടെ പരാതിയുടെയും ദൃക്സാക്ഷികളുടെ മൊഴിയുടെയും അടിസ്ഥാനത്തില്‍ പശ്ചിം വിഹാര്‍ വെസ്റ്റ് പോലീസ് ആദ്യം വധശ്രമത്തിനാണ് കേസെടുത്തിരുന്നതെങ്കിലും, സന്ദീപിന്റെ മരണത്തെ തുടര്‍ന്ന് ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 103(1) പ്രകാരം കൊലപാതകക്കുറ്റം ചുമത്തുകയായിരുന്നു. മാതാപിതാക്കളും ഭാര്യയും നാലും പത്തും വയസ്സുള്ള രണ്ട് കുട്ടികളും അടങ്ങുന്നതാണ് സന്ദീപിന്റെ കുടുംബം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top