നീലേശ്വരത്ത് നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്ന് വീണ് ആറാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. പാലായി പള്ളിയിലെ ഉസ്താദ് അബ്ദുൽ ഗഫൂർ-സൈനബ ദമ്പതികളുടെ മകൻ മുഹമ്മദ് റബ്ബിൻ (12) ആണ് മരിച്ചത്.

ഇന്ന് വൈകുന്നേരം അഞ്ചരയോടെയാണ് നാടിനെ നടുക്കിയ ഈ അപകടം ഉണ്ടായത്. അയൽവാസിയുടെ നിർമ്മാണത്തിലിരിക്കുന്ന വീടിനകത്ത് മറ്റു കുട്ടികൾക്കൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു റബ്ബിൻ. ഇതിനിടെ വീടിന്റെ സ്ലാബ് അടർന്ന് കുട്ടിയുടെ മേൽ വീഴുകയായിരുന്നു.
അപകടം നടന്ന ഉടനെ തന്നെ റബ്ബിനെ നീലേശ്വരത്തെ സഹകരണ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ പരിക്ക് അതീവ ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി കാഞ്ഞങ്ങാട്ടെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.