ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ കാണാതായ യുവാവിനെ വെജിറ്റേറിയൻ ബിരിയാണി കടയിലെ ഫ്രീസറിൽ മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച ഉച്ച മുതൽ കാണാതായ 38-കാരനായ വിജയ് പാലിനെയാണ് ഞായറാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. ജിസിആർജി (GCRG) കോളേജിന് നേരെ എതിർവശത്തുള്ള കടയിലെ ഫ്രീസറിലായിരുന്നു മൃതദേഹം.

മൂന്ന് വശങ്ങളിലും ടിൻ ഭിത്തികൾ കൊണ്ട് നിർമ്മിച്ച ഒരു താൽക്കാലിക കെട്ടിടത്തിലാണ് ഈ കട പ്രവർത്തിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി അടച്ചിട്ടിരുന്ന കടയിലെ ഫ്രീസറിന്റെ കണക്ഷൻ വിച്ഛേദിച്ച നിലയിലായിരുന്നു. സാധനങ്ങൾ ശേഖരിക്കാനായി കടയുടമ അജയ് എത്തിയപ്പോഴാണ് ഫ്രീസറിനുള്ളിൽ മൃതദേഹം കണ്ടതും പോലീസിനെ വിവരമറിയിച്ചതും.