ആർച്ച് ബിഷപ്പ് മാർ തോമസ് മേനാംപറമ്പിൽ (90)കാലം ചെയ്തു. ഇന്ന് ബുധനാഴ്ച നവംബർ 25ന് രാവിലെ ഹൈദരാബാദിലെ എ.ഐ.ജി (AIG) ആശുപത്രിയിൽ വെച്ചാണ് അന്ത്യം.

ദീബ്രുഗഡ് രൂപതയുടെ ബിഷപ്പ് (1981-1992), ഗുവാഹത്തി രൂപതയുടെ ബിഷപ്പ് (1992-1995), ഗുവാഹത്തി ആർച്ച്ബിഷപ്പ് (1995-2012), ജോവായ് രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ (2014-2016) എന്നീനിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

1936 ഒക്ടോബർ 22ന് കോട്ടയം ജില്ലയിലെ വാകക്കാടാണ് ആർച്ച് ബിഷപ്പ് തോമസ് മേനാംപറമ്പിൽ ജനിച്ചത്. പാലാ സെന്റ് തോമസ് ഇംഗ്ലീഷ് സ്കൂളിലായിരുന്നു പ്രാഥമികവിദ്യാഭ്യാസം. പശ്ചിമബംഗാളിലെ ഡാർജിലിംഗിലാണ് ഹൈസ്കൂൾ പഠനം പൂർത്തിയാക്കിയത്. തമിഴ്നാട്ടിലെ യേർക്കാടിൽ ഒരുവർഷത്തെ സന്യാസപരിശീലനത്തിനുശേഷം 1955 മെയ് 24ന് ഡോൺ ബോസ്കോ സഭയിൽ (സലേഷ്യൻ സഭ) ചേർന്നു. 1965 മെയ് 2ന് പൗരോഹിത്യം സ്വീകരിച്ചു. 1965ൽ മേഘാലയയിലെ ഷില്ലോംഗിലുള്ള സാവിയോ ജൂനിയറേറ്റ് ഹൈസ്കൂളിന്റെ പ്രധാനാധ്യാപകനായി നിയമിതനായി. 1969 മുതൽ 1972 വരെ സെന്റ് ആന്റണീസ് കോളേജ് ഹോസ്റ്റലിന്റെ (സ്റ്റീഫൻ ഹാൾ) വാർഡനായും സേവനമനുഷ്ഠിച്ചു.
1972 മുതൽ 1975 വരെ വടക്കുകിഴക്കൻ ഇന്ത്യയിലെ ഡോൺ ബോസ്കോ സൊസൈറ്റിയുടെ വൈസ് പ്രൊവിൻഷ്യലായിരുന്നു. 1981 ജൂലൈ 13ന് ദീബ്രുഗഡ് ബിഷപ്പായി നിയമിതനായി. 1992 ഏപ്രിൽ 21ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ പുതുതായി രൂപീകരിച്ച ഗുവാഹത്തി രൂപതയുടെ ആദ്യ ബിഷപ്പായി നിയമിച്ചു. 1992 ഓഗസ്റ്റ് 16ന് സ്ഥാനാരോഹണംചെയ്തു.
1995 ഓഗസ്റ്റ് 1ന് ഗുവാഹത്തി രൂപത അതിരൂപതയായി ഉയർത്തപ്പെട്ടപ്പോൾ ബിഷപ്പ് തോമസ് ആദ്യ ആർച്ച്ബിഷപ്പായി. വർഷങ്ങളോളം ലോവർ അസമിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി ഹോസ്റ്റലുകളോടുകൂടിയ നിരവധി സ്കൂളുകൾ അദ്ദേഹം ആരംഭിച്ചു. അദ്ദേഹത്തിന്റെ അക്ഷീണപരിശ്രമത്തിന്റെ ഫലമായാണ് 2000ൽ പുതിയ ബൊംഗൈഗാവ് രൂപത നിലവിൽവന്നത്.
1996ൽ കൊക്രജാർ മേഖലയിലുണ്ടായ രൂക്ഷമായ വംശീയകലാപത്തിൽ അഞ്ഞൂറിലധികം ആളുകൾ കൊല്ലപ്പെടുകയും രണ്ടര ലക്ഷത്തോളം ബോഡോ, ആദിവാസി (പ്രത്യേകിച്ച് സന്താൾ) വിഭാഗക്കാർ അമ്പതിലധികം അഭയാർത്ഥിക്യാമ്പുകളിൽ അഭയംതേടുകയുംചെയ്തപ്പോൾ, ദുരിതബാധിതർക്ക് ആശ്വാസമെത്തിക്കുന്നതിൽ അദ്ദേഹത്തിന്റെ പ്രായോഗികവൈദഗ്ധ്യം പ്രകടമായി. മറ്റ് ക്രൈസ്തവസഭകളുടെയും പ്രാദേശികഭരണകൂടത്തിന്റെയും പിന്തുണയോടെ സംഘർഷത്തിലേർപ്പെട്ട ഇരുസമുദായങ്ങളുടെയും നേതാക്കളെ സമാധാനചർച്ചകൾക്കായി ഒരുമിച്ചുകൂട്ടാൻ അദ്ദേഹം മുൻകൈയെടുത്തു.
സമാനമായ സാഹചര്യം 1999ൽ മണിപ്പൂരിലെ ചുരാചന്ദ്പൂർ മേഖലയിൽ കുക്കികളും പൈറ്റെകളും തമ്മിൽ ഏറ്റുമുട്ടിയപ്പോഴും ഉണ്ടായി. അന്ന് നാനൂറിലധികം ആളുകൾ കൊല്ലപ്പെടുകയും അത്രതന്നെ ഗ്രാമങ്ങൾ അഗ്നിക്കിരയാക്കപ്പെടുകയുംചെയ്തിരുന്നു. മറ്റ് സഭാനേതാക്കളുടെ ക്ഷണപ്രകാരം സഹായത്തിനെത്തിയ ആർച്ച്ബിഷപ്പ് തോമസ്, ഇരുവിഭാഗം നേതാക്കളുമായും നടത്തിയ ചർച്ചകളിലൂടെ ഒത്തുതീർപ്പിലെത്തുകയും പിന്നീട് അവിടെ സമാധാനം നിലനിൽക്കുകയുംചെയ്തു.
ഹാഫ്ലോംഗിന് സമീപമുണ്ടായ ദിമാസ-മാർ സംഘർഷത്തിലും (100 മരണം) ദിഫുവിന് സമീപമുണ്ടായ കുക്കി-കർബി ഏറ്റുമുട്ടലുകളിലും (46 മരണം) അദ്ദേഹം വീണ്ടും ഇടപെട്ടു. രണ്ടിടത്തും സമാധാനം പുനഃസ്ഥാപിക്കപ്പെടുകയും പുതിയ സമാധാനശ്രമങ്ങൾ തുടരുകയും ചെയ്യുന്നു.