ചെന്നൈ: നഗരത്തിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി നിയമവിദ്യാർത്ഥിനി മരിച്ചു. പാലക്കാട് വടക്കഞ്ചേരി സ്വദേശിനിയായ, 21 വയസുള്ള ജിനുവാണ് മരിച്ചത്. പാലക്കാട് വടക്കഞ്ചേരി മൂലങ്കോട് കാവുങ്കല്‍ വീട്ടില്‍ എന്‍ വിജയകുമാറിന്റെയും വിജയകുമാരിയുടേയും മകളാണ് ജിനു. 21 വയസായിരുന്നു. ജിനു സഞ്ചരിച്ചിരുന്ന കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

അണ്ണാ സർവകലാശാലയുടെ ഔട്ടർ ഗേറ്റിന് സമീപം ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. ചെന്നൈ അംബേദ്കർ ലോ കോളേജിലെ നാലാംവർഷ നിയമ വിദ്യാർത്ഥിനിയാണ് ജിനു. കോളേജിലെ പരിപാടിയിൽ പങ്കെടുത്ത അതിഥിയെ അദ്ദേഹത്തിന്റെ വീട്ടിൽ കൊണ്ടാക്കിയ ശേഷം തിരിച്ചുവരികയായിരുന്നു ജിനു. മൂന്ന് സഹപാഠികളും ജിനുവിനൊപ്പം കാറിലുണ്ടായയിരുന്നു.