” നിനക്ക് പേടിയാണോ? ഒന്നു കുടിച്ചു നോക്ക്” എന്ന് പറയുമ്പോൾ “ഇല്ല” എന്ന് പറയാൻ ഒരു കുട്ടിക്ക് ആത്മവിശ്വാസം വേണം. ആ ആത്മവിശ്വാസം വീട്ടിൽ നിന്നും സ്കൂളിൽ നിന്നും ചെറുപ്പത്തിലേ കിട്ടണം.ലഹരി വിരുദ്ധ ചിന്ത കുഞ്ഞുങ്ങളിൽ നിന്ന് തന്നെ തുടങ്ങണം. കാരണം ലഹരി ഒരു ദിവസം കൊണ്ട് തുടങ്ങുന്ന ശീലമല്ല, ഒരു ചിന്തയിൽ നിന്ന് തുടങ്ങുന്നതാണ്.നമുക്ക് ചിന്തിക്കാം ഒരു ദിനം. ലഹരിക്കെതിരെയുള്ള ഒരു ചിന്തയിലൂടെ നമുക്ക് കടന്നു പോകാം.

ലഹരി വിരുദ്ധ ബോധവൽക്കരണത്തിൻ്റെ ഭാഗമായി സെൻറ് ജോസഫ് യുപിഎസ് വെളളിലാപ്പള്ളി പാലാ അഡാർട്ട് ക്ലബ്ബുമായി സംയോജിപ്പിച്ച് നടത്തുന്ന “ഒരു ദിനം ഒരു ചിന്ത” എന്ന പ്രോഗ്രാം. മഹത് വചനങ്ങളും ചിന്തകളും കോർത്തിണക്കി വാട്സ്ആപ്പ്, ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളിൽ സ്റ്റാറ്റസ് വീഡിയോയുടെ രൂപത്തിൽ 50ലധികം ചെറുചിന്തകൾ പങ്കുവെക്കുന്നു. അനുദിനം ഒരേ സമയം ആയിരത്തിലധികം വ്യക്തികളിലേക്ക് അഭിനന്ദാർഹമാം വിധം എത്തിച്ചേർക്കുന്നതിന് ഈ പ്രോഗ്രാമിന് കഴിയുന്നുണ്ട്.

കുട്ടികൾക്ക് ലഹരിയോട് ഭയമല്ല, കൗതുകമാണ്. സിനിമയിലും കൂട്ടുകാരുടെ ഇടയിലും കാണുമ്പോൾ “ഒന്ന് ട്രൈ ചെയ്തു നോക്കിയാലോ” എന്ന് തോന്നും. ആ കൗതുകത്തെ ചെറുപ്പത്തിലേ ശരിയായ അറിവ് കൊണ്ട് മാറ്റിയില്ലെങ്കിൽ, പിന്നീട് അത് അടിമത്തമാകും. സ്വാതന്ത്ര്യത്തിൻ്റെ നേർവഴികൾ തുറന്നു കാണിച്ച ഈ സ്കൂളിലെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് 2025- 26 അധ്യായന വർഷത്തിലെ പാലാ രൂപത എജ്യുക്കേഷൻ ഏജൻസിയുടെ മികച്ച ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള പുരസ്കാരവും ലഭിച്ചിട്ടുണ്ടായിരുന്നു.