Kottayam

ജൂബിലി ;ളാലം ഉത്സവം ;കടപ്പാട്ടൂർ ഇടത്താവളം :ടൗണിൽ പൊതുജനാഭിപ്രായം മാനിച്ച് കൂടുതൽ ക്രമീകരണങ്ങൾ. മാണി സി. കാപ്പൻ എം.എൽ.എ

പാലാ:- ശബരിമല തീർത്ഥാടകർക്കും ജൂബിലി തിരുന്നാളിൽ സംബന്ധിക്കുന്നവർക്കുമായി ടൗണിൽ കൂടുതൽ സൗകര്യങ്ങൾ ക്രമീകരിക്കാൻ നടപടി സ്വീകരിച്ചതായി മാണി സി. കാപ്പൻ എം.എൽ.എ. കടപ്പാട്ടൂർ ക്ഷേത്രം തീർത്ഥാടകരുടെ ഇടത്താവളമായതിൽ അഭൂതപൂർവ്വമായ തിരക്കാണ് ടൗണിൽ അനുഭവപ്പെടുന്നത്. നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും ആയിരക്കണക്കിന് ജനങ്ങൾ പങ്കെടുക്കുന്ന ജൂബിലി തിരുനാൾ ആഘോഷങ്ങൾ തിരക്ക് വർദ്ധിപ്പിക്കുന്നു. പി.ഡബ്ല്യു.ഡി റോഡുകളിലെ സീബ്രാ ലൈനുകൾ തെളിക്കുന്നതിനും ട്രാഫിക് സിഗ്നൽ സ്ഥാപിക്കുന്നതിനും വാട്ടർ അതോറിറ്റിയുടെ പൈപ്പുകളിലെ ചോർച്ച പരിഹരിക്കുന്നതിനും ബന്ധപ്പെട്ട അധികാരികൾക്ക് നിർദ്ദേശം നൽകി .

ടൗണിൽ നിന്ന് വിവിധ റോഡുകളിലേക്ക് 31 കിലോമീറ്റർ നീളത്തിലാണ് ഇരു വശങ്ങളിലെയും വര തെളിക്കുന്നത്. പൂഞ്ഞാർ ഹൈവേയിലെ മേരിഗിരി ജംഗ്ഷനിലും രാമപുരം റോഡിൽ ലയൺസ് ക്ലബ്ബ് ഭാഗത്തും വേഗനിയന്ത്രണത്തിനുള്ള ക്രമീകരണവും അനുമതിയായിട്ടുണ്ട്. കുരിശു പള്ളി ജംഗ്ഷൻ മുതൽ സിവിൽ സ്റ്റേഷൻ ഭാഗം വരെ വാഹന പാർക്കിങ്ങ് നിരോധിക്കണമെന്ന പൊതുജനാഭിപ്രായം ട്രാഫിക് പോലീസിനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. ജനറൽ ആശുപത്രി ജംഗ്ഷനിൽ ട്രാഫിക് സിഗ്നലുകൾ പ്രവർത്തിക്കുന്നതിനാൽ കാൽനടക്കാർക്കായുള്ള സീബ്രാ ലൈൻ എം.എൽ.എ ഓഫീസിന്റെ മുൻഭാഗത്തേക്ക് ക്രമീകരിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഈ പ്രവർത്തികളെല്ലാം ധൃതഗതിയിൽ പൂർത്തീയാക്കാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മണ്ഡലകാല ക്രമീകരണങ്ങൾക്കും ജൂബിലി തിരുനാൾ നടത്തിപ്പിനുമായി ആരോഗ്യം ,

പോലീസ് , ഇലക്ട്രിസിറ്റി , എക്സൈസ്,വാട്ടർ അതോററ്റി , ട്രാഫിക്, റവന്യൂ എന്നീ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലുണ്ടായ അഭിപ്രായങ്ങൾക്കനുസരിച്ചാണ് പുതിയ ക്രമീകരണങ്ങൾ ചെയ്തിട്ടുള്ളത്. പാലായിലൂടെ കടന്നുവരുന്ന ശബരിമല തീർത്ഥാടകർക്ക് എല്ലാവിധ സൗകര്യങ്ങളും ചെയ്തു കൊടുക്കാൻ തയ്യാറാകണമെന്നും പരാതികളില്ലാതെ ജൂബിലി തിരുനാൾ ഭംഗിയാക്കാനും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും പൊതുപ്രവർത്തകരുടെയും ആത്മാർത്ഥമായ സഹകരണമുണ്ടാകണമെന്ന് മാണി സി കാപ്പൻ അഭ്യർത്ഥിച്ചു. നാനാജാതി മതസ്ഥർ ഏകോദര സഹോദരങ്ങളായി ജീവിക്കുന്ന നമ്മുടെ നാടിന്റെ പ്രൗഢമായ പാരമ്പര്യവും മതസൗഹാർദ്ദവും ഊട്ടിയുറപ്പിക്കാൻ ഈ ഉത്സവ കാലം ഉപകരിക്കണമെന്ന് എം.എൽ.എ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top