ചേർപ്പുങ്കൽ മാർത്തോമ്മാ മണ്ഡപത്തിൽ മാർ തോമാ ശ്ലീഹായുടെ ഭാരത പ്രവേശന ഓർമ്മ എ കെ സി സി സമുചിതമായി ആചരിച്ചു. എ കെ സി സി ചേർപ്പുങ്കൽ ഫൊറോന സമിതിയും ഇടവക യൂണിറ്റും സംയുക്തമായി നടത്തിയ പരിപാടി സുറിയാനി ഭാഷയിലുള്ള പ്രാർത്ഥനകൾ ഉൾപ്പെടുത്തിയുള്ള സായാഹ്ന നമസ്കാരത്തോടെ ആരംഭിച്ചു. ഫൊറോനാ പ്രസിഡൻ്റ് ശ്രീ മാർട്ടിൻ കോലടിയുടെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം മാർ സ്ലീവാ ഫൊറോന- തീർഥാടന പള്ളി വികാരി വെരി റവ. ഫാ. ജോസ് വള്ളോംപുരിടം ഉദ്ഘാടനം ചെയ്തു .

എ കെ സി സി പാലാ രൂപത ഡയറക്ടർ വെരി റവ. ഫാ. ജോർജ് വർഗീസ് ഞാറക്കുന്നേൽ മുഖ്യപ്രഭാഷണവും സീറോ മലബാർ സഭ എക്യുമെനിസം കമ്മീഷൻ സെക്രട്ടറി ഫാ. സിറിൽ തോമസ് തയ്യിൽ പ്രഭാഷണവും നടത്തി. ചേർപ്പുങ്കൽ ദേശത്തിന്റെ പൗരാണികത മാർത്തോമ്മാ ശ്ലീഹായുടെ പൈതൃകവുമായി ബന്ധപ്പെട്ടുനിൽക്കുന്നത് അഭിമാനകരമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ സൂചിപ്പിക്കപ്പെട്ടു. റമ്പാൻ പാട്ടിലൂടെയും ചരിത്ര പഠന ഗ്രന്ഥങ്ങളിലൂടെയും മാർത്തോമ്മായുടെ ചരിതം പുതിയ തലമുറകൾ കൂടുതൽ പഠിക്കണമെന്ന് മുഖ്യപ്രഭാഷകൻ ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ പറഞ്ഞു.

ചേർപ്പുങ്കൽ ദേശത്തിൻറെയും മാർ തോമാശ്ലീഹായാൽ സ്ഥാപിതമായ ക്രൈസ്തവ സമൂഹം നിലനിന്നിരുന്ന ഉറവിടപ്പള്ളി യുടെ വികസനത്തിന്റെനാൾവഴിയും അധ്യക്ഷ പ്രസംഗകൻ മാർട്ടിൻ ജെ കോലടി ചരിത്രം ഉദ്ധരിച്ചു പരാമർശിച്ചു. ഓരോ ദേശക്കാരും അവരുടെ ദേശത്തിന്റെയും ഓരോ സമുദായവും അവരവരുടെ സമുദായത്തിന്റെയും തനിമകളും മൂല്യങ്ങളും ദർശങ്ങളും കുടുംബങ്ങളിലൂടെ വരും തലമുറകൾക്ക് കൈമാറാൻ ശ്രദ്ധിച്ചില്ലെങ്കിൽ സമുദായവും സഭയും രാജ്യവും അധികകാലം പിടിച്ചുനിൽക്കില്ലെന്ന് പ്രഭാഷകർ ഓർമ്മിപ്പിച്ചു.ജോബി പോൾ സ്വാഗതവും ബിന്ദു ജിമ്മി നന്ദിയും പറഞ്ഞു.