പാലാ :പാലാ നഗരസഭയിൽ ഒരു കുഞ്ഞിനും പോളിയോ തുള്ളി മരുന്ന് ലഭിക്കാതെ പോകരുത് ;നമ്മൾ ജാഗ്രത പാലിക്കണമെന്ന് പാലാ നഗരസഭാ ചെയർപേഴ്സൺ മായാ രാഹുൽ അഭിപ്രായപ്പെട്ടു . അഞ്ച് വയസ്സിന് താഴെയുള്ള എല്ലാ കുഞ്ഞുങ്ങൾക്കും പോളിയോ പ്രതിരോധ തുള്ളിമരുന്ന് നൽകുന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ നഗരസഭാ തല ഉദ്ഘാടനം പാലാ ജനറൽ ആശുപത്രിയിൽ വെച്ച് നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുനിസിപ്പൽ ചെയർപേഴ്സൺ മായാ രാഹുൽ.

സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രജിതാ പ്രകാശ് ;ലീന സണ്ണി ;റോട്ടറി ക്ലബ്ബ് അധികൃതർ,ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, ആശുപത്രി ജീവനക്കാർ, ആശാ പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.പൾസ് പോളിയോ പരിപാടി വഴി നേരത്തെ പോളിയോ തുള്ളിമരുന്ന് ലഭിച്ച കുട്ടികൾക്കും വീണ്ടും മരുന്ന് നൽകുന്നുണ്ട്. ഓരോ കുട്ടിക്കും പ്രതിരോധശേഷി ഉറപ്പാക്കുകയും രോഗവ്യാപനം തടയുകയുമാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

എന്താണ് പൾസ് പോളിയോ?
1988-ൽ ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ ആരംഭിച്ച ആഗോള പോളിയോ നിർമാർജന പ്രവർത്തനത്തിന്റെ ഭാഗമായാണ് ഇന്ത്യയിൽ 1995-ൽ പൾസ് പോളിയോ പദ്ധതി ആരംഭിച്ചത്.പോളിയോ വൈറസ് പ്രധാനമായും കുട്ടികളുടെ നാഡീവ്യവസ്ഥയെ ബാധിക്കുകയും കൈകാലുകൾക്ക് തളർച്ചയും പക്ഷാഘാതവും ഉണ്ടാക്കുകയും ചെയ്യുന്ന രോഗമാണ്. രോഗത്തിന് പ്രത്യേക ചികിത്സയില്ല. വാക്സിനേഷനിലൂടെ മാത്രമാണ് ഫലപ്രദമായി പ്രതിരോധിക്കാൻ കഴിയുന്നത്.
പൾസ് പോളിയോയുടെ സന്ദേശം: ഒരു കുട്ടിയും പോളിയോ തുള്ളിമരുന്ന് ലഭിക്കാതെ പോകരുത്.