പാലാ:- ജനറൽ ആശുപത്രി ജംഗ്ഷനിൽ നിന്നും ബൈപ്പാസിലേക്ക് 2 കോടി രൂപാ ചെലവഴിച്ച് പണിയുന്ന റോഡ് , ജൂബിലി തിരുനാളിന് മുമ്പ് ഗതാഗത യോഗ്യമാക്കുമെന്ന് മാണി സി കാപ്പൻ എം.എൽ.എ.റോഡിന്റെ വീതികുറവും വളവും തിരിവും കയറ്റവും മൂലം ജനറൽ ആശുപത്രിയിലേക്ക് വരുന്ന ആംബുലൻസ് അടക്കമുള്ള വാഹനങ്ങൾക്ക് യാത്ര ദുസ്സഹമായിരുന്നതിനാൽ പുതുക്കിപ്പണിയണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.

റോഡ് പൂർണ്ണമായും പണിയുന്നതിന് 25 കോടി രൂപാ ആവശ്യപ്പെട്ടെങ്കിലും തന്റെ നിരന്തരസമ്മർദ്ദത്തിനൊടുവിൽ ബഡ്ജറ്റിൽ അനുവദിച്ച 2 കോടി രൂപ ഉപയോഗിച്ചാണ് ആശുപത്രിവരെ പണി നടക്കുന്നത്. നാടിന്റെ വികസന പ്രവർത്തനങ്ങളിൽ സങ്കുചിത രാഷ്ട്രീയ ചിന്തകൾ പാടില്ല എന്ന് ഉറച്ച് വിശ്വസിക്കുന്നതു കൊണ്ട് നിർമ്മാണ ഉദ്ഘാടനത്തിന് ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാ രാഷ്ട്രീയ കക്ഷി നേതാക്കളെയും ഔദ്യോഗികമായി ക്ഷണിച്ചിരുന്നു. എന്നാൽ ഇപ്പോൾ അവകാശവാദങ്ങൾ ഉന്നയിക്കുന്നവർ റോഡ് നിർമ്മാണത്തിന് യാതൊരുവിധ സഹകരണവും നൽകിയില്ല. പലവിധ തടസ്സങ്ങൾ നിരന്തരമായി സൃഷ്ടിക്കപ്പെട്ടതുകൊണ്ടാണ് 115 മീറ്റർ മാത്രം ദൈർഘ്യമുള്ള റോഡിന്റെ പണി അനന്തമായി നീണ്ടു പോയത്. വീതി കൂട്ടി സംരംക്ഷണ ഭിത്തി നിർമ്മിച്ച് പണി നടക്കുന്നതിനിടയിൽ രണ്ട് എഞ്ചീനീയർമാരെ സ്ഥലം മാറ്റിയത് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിച്ചാണ് ഇപ്പോൾ ധൃതഗതിയിൽ പണി പുരോഗമിക്കുന്നത്.

സർക്കാർ ഭൂമി അനധികൃതമായി കൈയ്യേറുന്നവരുടെ വലുപ്പ ചെറുപ്പം നോക്കാതെ നടപടി എടുക്കേണ്ടതാണ്. എന്നാൽ ഉപജീവനത്തിനായി ചെറിയ കച്ചവടം നടത്തുന്നവർ ക്രൂശിക്കപ്പെടുകയും വൻകൈയ്യേററക്കാർ സംരംക്ഷിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥ ശരിയല്ല. സർക്കാർ ഭൂമി കൈവശപ്പെടുത്തിയവരെ ഒഴിപ്പിക്കണമെന്ന കളക്ടറുടെ ഉത്തരവ് നടപ്പാക്കാൻ നഗരസഭാധികാരികൾക്ക് ചുമതലയുണ്ട്. കച്ചവടത്തിനുള്ള ലൈസൻസ് കൊടുത്തതുകൊണ്ട് അവ രെ പുനരധിവസിപ്പിക്കാനുള്ള ഉത്തരവാദിത്തവും നഗരസഭ ഭരിക്കുന്നവർക്കുണ്ട്. അതിന് നഗരസഭക്കുളള സാഹചര്യങ്ങൾ പ്രയോജനപ്പെടുത്തണം. നഗരസഭ ചെയർപേഴ്സൺ അദ്ധ്യക്ഷത വഹിച്ച ആശുപത്രി വികസന സമിതിയുടെ ഐകകണ്ഠേനയുള്ള തീരുമാനം നടപ്പാക്കാനുള്ള ചുമതലയും നഗരസഭ ഭരിക്കുന്നവർക്കുള്ളതാണ്. യാത്രക്കാർക്കും വാഹനങ്ങൾക്കും ദോഷകരമായ രീതിയിൽ റോഡിൽ നിന്നിരുന്ന ഇലക്ട്രിക് പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്നതിന് നാലര ലക്ഷം രൂപാ വൈദ്യുതി വകുപ്പിൽ അടച്ചു കഴിഞ്ഞു. നഗരസഭക്ക് മേൽനോട്ടച്ചുമതലയുള്ള ജനറൽ ആശുപത്രിയിൽ എടുക്കുന്ന തീരുമാനങ്ങൾക്ക് വിപരീതമായി ചില കടലാസ് സംഘടനകളുടെ ഭാരവാഹികൾ അനാവശ്യമായ പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ്.

കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗതീരുമാനങ്ങൾ നടപ്പാക്കണമെന്ന് ആശുപത്രി വികസന സമിതിയിൽ തീരുമാനമെടുത്തവർ തന്നെ മുനിസിപ്പൽ ഓഫീസിൽ യോഗം ചേർന്ന് കയ്യേറ്റക്കാരെ ഒഴിപ്പിക്കേണ്ടതില്ല എന്ന പ്രമേയം പാസാക്കുന്ന ഇരട്ടത്താപ്പ് നയം ജനങ്ങൾ മനസിലാക്കുന്നുണ്ട്. റോഡ് വികസനത്തിന് എം.എൽ.എ എന്ന നിലയിൽ താൻ ചെയ്യേണ്ട എല്ലാ കാര്യങ്ങളും ഭംഗിയായി നിർവഹിക്കുന്നതിൽ അസൂയ പൂണ്ടവർ തെറ്റിദ്ധാരണ പരത്തുകയാണ്. രാഷ്ട്രീയം നാടിന്റെ നന്മക്ക് വേണ്ടിയാകണം. വികസന പ്രവർത്തനങൾക്ക് തുരങ്കം വെക്കുന്ന സാമൂഹ്യദ്രോഹികളെ ഒഴിവാക്കാൻ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും തയ്യാറാകണം. സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും ആശ്രയമായ ജനറൽ ആശുപത്രിയുടെ പുരോഗതിക്കായി സങ്കുചിത ചിന്തകളില്ലാതെ പ്രവർത്തിക്കുമെന്നും അനാവശ്യ അവകാശവാദങ്ങളുമായി വന്ന് പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന കടലാസ് പുലികൾ സമൂഹത്തിന് ബാദ്ധ്യതയാണെന്നും മാണി സി കാപ്പൻ പറഞ്ഞു.