Kerala

സമുദായ സൗഹൃദത്തിലൂടെ ആഗോള സമാധാനം; ‘സാഹോദര്യം 2026’ ശിൽപശാല ഒക്ടോബർ 17;18;19 തീയതികളിൽ ഓശാന മൗണ്ടിൽ

 

പാലാ: ആഗോള സമാധാനത്തിനും സമുദായ സൗഹൃദത്തിനും ഊന്നൽ നൽകി സർവകലാശാല വിദ്യാർത്ഥികൾക്കായി ‘സാഹോദര്യം 2026’ ത്രിദിന ശിൽപശാല സംഘടിപ്പിക്കുന്നു. “വിശ്വശാന്തി സമുദായ സൗഹൃദത്തിലൂടെ” (Global Peace Through Communal Harmony) എന്ന വിഷയത്തെ ആസ്പദമാക്കി മാർ ക്രിസോസ്റ്റം ഫൗണ്ടേഷൻ, സൗഹാർദ് പീസ് സെന്റർ, വാരണാസി, കേരള സർവോദയ മണ്ഡലം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ശിൽപശാല.

2026 ഒക്ടോബർ 17, 18, 19 തീയതികളിൽ ഭരണങ്ങാനം ഇടമറ്റം ഹോശാനാ മൗണ്ടിലാണ് ശിൽപശാല നടക്കുന്നത്. വിവിധ മതവിഭാഗങ്ങളും സമൂഹങ്ങളും തമ്മിലുള്ള സൗഹൃദവും പരസ്പര വിശ്വാസവും വളർത്തി സമാധാനത്തിന്റെ സന്ദേശവാഹകരെ രൂപപ്പെടുത്തുകയാണ് പരിപാടിയുടെ ലക്ഷ്യം.

ലോകത്ത് വർധിച്ചുവരുന്ന അസ്വസ്ഥതകളും അപരനോടുള്ള ഭയവും സംശയവും സമൂഹത്തിലെ ധ്രുവീകരണത്തിനും വിദ്വേഷത്തിനും സംഘർഷങ്ങൾക്കും കാരണമാകുന്ന സാഹചര്യത്തിൽ, വൈവിധ്യമാർന്ന സമൂഹങ്ങൾക്കിടയിലെ സൗഹാർദ്ദമാണ് ആഗോള സമാധാനത്തിലേക്കുള്ള പ്രധാന മാർഗമെന്ന ആശയമാണ് ശിൽപശാല മുന്നോട്ടുവയ്ക്കുന്നത്.

മതഗ്രന്ഥങ്ങൾ മുന്നോട്ടുവയ്ക്കുന്ന സമാധാനത്തിന്റെയും സൗഹൃദത്തിന്റെയും സന്ദേശങ്ങൾ യുവതലമുറയിലേക്ക് എത്തിക്കുന്നതിനും വിവിധ മത-സാമൂഹിക പശ്ചാത്തലങ്ങളിൽ നിന്നുള്ള യുവാക്കൾ തമ്മിൽ സംവാദത്തിനും ആശയവിനിമയത്തിനും അവസരം ഒരുക്കുന്നതിനും ശിൽപശാല ലക്ഷ്യമിടുന്നു.

60 സർവകലാശാലാ വിദ്യാർത്ഥികൾക്കാണ് ശിൽപശാലയിൽ പങ്കെടുക്കാൻ അവസരം. സമാധാനത്തിലും മതേതര മൂല്യങ്ങളിലും താൽപര്യമുള്ള വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. പങ്കെടുക്കുന്നവർക്ക് താമസവും ഭക്ഷണവും സൗജന്യമായിരിക്കും.

ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത, സ്വാമി ഗുരുരത്നം ജ്ഞാനതപസി, സ്വാമി സൽസ്വരൂപാനന്ദ, ഡോ. സിറിയക് തോമസ്, ബന്യാമിൻ, ഡോ. സി. എച്ച്. മുസ്തഫ മൗലവി, റവ. ഡോ. മോത്തി വർക്കി, ജോബിൻ എസ്. കൊട്ടാരം, പ്രൊഫ. ഡോ. പ്രേംജിത്ത് കുമാർ, മുഹമ്മദ് നദീർ മൗലവി, ഫാ. ആനന്ദ് വാരണാസി, റസിയ ചാലക്കൽ തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.

ശിൽപശാലയിൽ പൂർണ്ണസമയം പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് സമാധാനദൂതന്മാരായി പ്രവർത്തിക്കുന്നതിനുള്ള പരിശീലനം നൽകുകയും “Peace Maker” സർട്ടിഫിക്കറ്റ് നൽകുകയും ചെയ്യും.

സാഹോദര്യം, സൗഹൃദം, സമാധാനം, അനുരഞ്ജനം, മാനവികത, ദേശീയത എന്നീ മൂല്യങ്ങൾ സംരക്ഷിക്കുന്ന നവസമൂഹത്തിന്റെ സൃഷ്ടിയിൽ യുവജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുകയാണ് ശിൽപശാലയുടെ ലക്ഷ്യമെന്ന് സംഘാടകരായ റെജി കൊപ്പാറ, റവ. തോമസ് കോശി പനച്ചമൂട്ടിൽ, ഫാ.വർഗ്ഗീസ് മണിമല, വി . എം.അബ്ദുള്ള ഖാൻ, സിബി പുരയിടം, ഷിജിൻ വർഗീസ്,ബോബി അവഗാമ എന്നിവർ അറിയിച്ചു.
രജിസ്ട്രേഷനായി 9633508448 എന്ന് നമ്പറിൽ ബന്ധപ്പെടണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top