Kerala

തമിഴ്‌നാട്ടിലെ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന ഓരോ കുഞ്ഞിനും സൗജന്യമായി സ്വർണമോതിരം സമ്മാനമായി നൽകുന്ന ‘തായ് മാമൻ തങ്ക മോതിരം തിട്ട’ത്തിന്റെ ഔപചാരിക ഉദ്ഘാടനം ഇന്ന്

ചെന്നൈ: തമിഴ്‌നാട്ടിലെ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന ഓരോ കുഞ്ഞിനും സൗജന്യമായി സ്വർണമോതിരം സമ്മാനമായി നൽകുന്ന ‘തായ് മാമൻ തങ്ക മോതിരം തിട്ട’ത്തിന്റെ ഔപചാരിക ഉദ്ഘാടനം തിങ്കളാഴ്ച നടക്കും. തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് പദ്ധതി ഉദ്ഘാടനം ചെയ്യും. മധുര ഗവൺമെന്റ് രാജാജി ആശുപത്രിയിൽ നടക്കുന്ന ചടങ്ങിൽ തിരഞ്ഞെടുക്കപ്പെട്ട 25 കുഞ്ഞുങ്ങൾക്ക് മുഖ്യമന്ത്രി നേരിട്ട് സ്വർണമോതിരം സമ്മാനിക്കും.

ഈ വർഷം ജൂൺ 22-നു ശേഷം സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ജനിച്ച കുട്ടികൾക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. ഒരു ഗ്രാം തൂക്കമുള്ള 22 കാരറ്റ് സ്വർണമോതിരമാണ് ഓരോ കുഞ്ഞിനും നൽകുന്നത്. തമിഴ്‌നാട്ടിൽ സ്ഥിരതാമസക്കാരായ അമ്മമാരുടെ കുട്ടികൾക്കാണ് ഈ പദ്ധതിയിലൂടെ ആനുകൂല്യത്തിന് അർഹതയുണ്ടാവുക.

ജൂൺ 22 മുതൽ സെപ്റ്റംബർ 22 വരെയുള്ള കാലയളവിൽ ജനിച്ച കുട്ടികൾക്ക് പ്രത്യേകമായി സജ്ജീകരിച്ച 107 കേന്ദ്രങ്ങൾ വഴിയാണ് മോതിരങ്ങൾ വിതരണം ചെയ്യുന്നത്. എന്നാൽ തിങ്കളാഴ്ച മുതൽ സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക്, (പ്രസവത്തിന് ശേഷം ആശുപത്രി വിടുന്ന സമയത്തുതന്നെ സ്വർണമോതിരം കൈമാറാനുള്ള ക്രമീകരണങ്ങൾ മോട്ടോർ ആരോഗ്യ വകുപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്.

പദ്ധതിയുടെ ആദ്യഘട്ട വിതരണത്തിനായി 1.28 ലക്ഷം സ്വർണ മോതിരങ്ങളാണ് സർക്കാർ തയ്യാറാക്കിയിട്ടുള്ളത്. ഇതിനായി തമിഴ്നാട് സർക്കാർ 755.83 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യത ലഭിച്ച പദ്ധതിയിലൂടെ പാവപ്പെട്ട കുടുംബങ്ങൾക്ക് വലിയ ആശ്വാസം നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

തമിഴ്നാട് സർക്കാരിന്റെ പ്രമുഖ ക്ഷേമപദ്ധതികളിൽ ഒന്നായി മാറിയ ഈ സ്വർണമോതിര വിതരണ പദ്ധതി മറ്റ് ജില്ലകളിലും പ്രാദേശിക ജനപ്രതിനിധികളുടെ നേതൃത്വത്തിൽ വിപുലമായി നടപ്പിലാക്കും. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജ് ആശുപത്രികൾ വരെയുള്ള എല്ലാ സർക്കാർ മെഡിക്കൽ സ്ഥാപനങ്ങളിലും പദ്ധതിയുടെ സേവനം തടസ്സമില്ലാതെ ലഭ്യമാക്കാനുള്ള സൗകര്യങ്ങൾ പൂർത്തിയായിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top