പാല: നാഷണൽ സർവീസ് സ്കീം (എൻ.എസ്.എസ്) ദിനാചരണത്തിന്റെ ഭാഗമായി പാല സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കേരള സർക്കാരിന്റെ ‘തൂഫാൻ’ ലഹരിവിരുദ്ധ ജനകീയ ക്യാമ്പയിന് പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ച് സജ്ജരായ എൻ.എസ്.എസ് വോളണ്ടിയർമാരെ ‘തൂഫാൻ കമാൻഡോ’ പദവി നൽകി ചടങ്ങിൽ ആദരിച്ചു.

സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ അധ്യാപകരും വിദ്യാർത്ഥികളും പിറ്റിഎ ഭാരവാഹികളും പങ്കെടുത്തു. യുവതലമുറയെ ലഹരിയുടെ വിപത്തിൽ നിന്ന് സംരക്ഷിക്കാനും സമൂഹത്തിൽ ബോധവൽക്കരണം ശക്തമാക്കാനും എൻ.എസ്.എസ് വോളണ്ടിയർമാർ നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച പ്രിൻസിപ്പൽ സിസ്റ്റർ ജീസ മരിയ വ്യക്തമാക്കി.

സിവിൽ എക്സൈസ് ഓഫീസർ ശ്രീ.ധനുരാജ് പി . സി ലഹരി വിരുദ്ധ സന്ദേശം നൽകി. തുടർന്ന് കുട്ടികൾ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. ലഹരിമുക്ത നവകേരള നിർമ്മിതിക്കായി വിദ്യാർത്ഥി സമൂഹത്തെ മുന്നിൽ നിർത്തി കർമ്മപദ്ധതികൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് വോളണ്ടിയർമാരെ
‘തൂഫാൻ കമാൻഡോകളായി’ തെരഞ്ഞെടുത്തത്. ചടങ്ങിനോടനുബന്ധിച്ച് ലഹരിവിരുദ്ധ പ്രതിജ്ഞയും ബോധവൽക്കരണ റാലിയും നടന്നു. സ്കൂൾ പ്രിൻസിപ്പൽ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ, അധ്യാപകർ, പിടിഎ ഭാരവാഹികൾ, വോളണ്ടിയർ ലീഡർമാർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
