Kerala

തിരഞ്ഞെടുപ്പ് തോൽവിയിൽ ജനങ്ങളെയും സ്വന്തം പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയെയും തള്ളിപ്പറഞ്ഞ് പിണറായി പാർട്ടിക്ക് അതീതനാവാൻ ശ്രമിക്കുന്നു

തിരഞ്ഞെടുപ്പ് തോൽവിയിൽ ജനങ്ങളെയും സ്വന്തം പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയെയും തള്ളിപ്പറഞ്ഞ് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടിക്ക് അതീതനാകാൻ ശ്രമിക്കുകയാണെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.തിരഞ്ഞെടുപ്പ് പരാജയത്തിന് പയ്യന്നൂരിലെയും തളിപ്പറമ്പിലെയും ജനങ്ങളെയാണ് പിണറായി കുറ്റപ്പെടുത്തുന്നത് എന്ന് അദ്ദേഹം വിമർശിച്ചു.

ജനങ്ങൾക്ക് തെറ്റ് പറ്റിയെന്ന് ആരോപിക്കുന്ന അദ്ദേഹം, പാർട്ടി കേന്ദ്ര കമ്മിറ്റിയുടെ റിപ്പോർട്ടുകളെയും തള്ളിപ്പറഞ്ഞു. പയ്യന്നൂർ, തളിപ്പറമ്പ് എം.എൽ.എമാരെ പിണറായി വിജയനും കെ.കെ. രാഗേഷും ഭീഷണിപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

വന്ദേമാതരം മുഴുവനായി ആലപിക്കുന്നത് അടിച്ചേൽപ്പിക്കുന്ന നിലപാടിനോട് യോജിക്കാനാകില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. എന്നാൽ പ്രധാനമന്ത്രിയോ രാഷ്ട്രപതിയോ പങ്കെടുക്കുന്ന ചടങ്ങുകളിൽ വന്ദേമാതരം പാടുന്നത് പ്രോട്ടോകോളിന്റെ ഭാഗമാണ്.

സ്ത്രീകൾ പൊതുരംഗത്ത് ഇറങ്ങരുതെന്ന സമസ്തയുടെയോ കാന്തപുരത്തിന്റെയോ നിലപാടുകളോട് യോജിപ്പില്ലെന്നും, അത് അവരുടെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സി.പി.എം നിലപാടിനെയും ചെന്നിത്തല വിമർശിച്ചു. അധികാരത്തിലിരുന്നപ്പോൾ ലഹരിക്കെതിരെ ഒന്നും ചെയ്യാത്ത പിണറായി വിജയനാണ് ഇപ്പോൾ ‘തൂഫാന്’ എതിരെ ആരോപണം ഉന്നയിക്കുന്നത്. ചന്തേര കേസിൽ ശക്തമായ നടപടിയെടുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

യൂത്ത് കോൺഗ്രസുകാരനായാലും ഡി.വൈ.എഫ്.ഐക്കാരനായാലും ലഹരി വിറ്റാൽ പിടികൂടും. ആരുടേയെങ്കിലും ഒപ്പം ഫോട്ടോ എടുത്തു എന്ന പേരിൽ സർക്കാരോ പോലീസോ ആരെയും സംരക്ഷിക്കില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

കാസർകോട് ചന്തേരയിൽ 129 ഗ്രാം മയക്കുമരുന്ന് പിടികൂടിയ കേസിൽ പ്രധാന കണ്ണികളായ മധ്യപ്രദേശ് സ്വദേശി റിയാ ഖാൻ, ഘാന പൗരനായ വിക്ടർ എന്നിവരെ പോലീസ് പിടികൂടിയതായി ആഭ്യന്തര മന്ത്രി അറിയിച്ചു. ഇവരെ കാസർകോട്ടേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top