Kerala

റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര വയസ്സുകാരൻ ട്രെയിൻ തട്ടി മരിച്ചു

ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര വയസ്സുകാരൻ ട്രെയിൻ തട്ടി മരിച്ചു. പുതുവൽ വിനീതിന്റെ മകൻ ത്രിണവ് ആണ് കൊല്ലം ഭാഗത്തേക്കു പോയ മെമു ഇടിച്ച് മരിച്ചത്.

ഇന്ന് വൈകിട്ട് ആറോടെയായിരുന്നു സംഭവം. മാതാപിതാക്കൾ ജോലിക്ക് പോയ സമയത്ത് കുട്ടിയെ ബന്ധുവീട്ടിൽ ഏൽപ്പിച്ചിരുന്നതാണ്. ബന്ധുവീട്ടിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. ഇതിനിടെ ആരുടെയും ശ്രദ്ധയിൽപ്പെടാതെ റെയിൽവേ ട്രാക്കിലേക്ക് ഇഴഞ്ഞുകയറുകയായിരുന്നു.

കുട്ടി റെയിൽവേ പാളത്തിലേക്ക് പോകുന്നത് ബന്ധുക്കളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. ഇതിനിടെ കുട്ടി ട്രാക്കിൽ ഇഴയുന്നതും ട്രെയിൻ വരുന്നതും ദൂരെനിന്ന് ഒരു സ്ത്രീ കണ്ടതായി അമ്പലപ്പുഴ പൊലീസ് അറിയിച്ചു. എന്നാൽ കുട്ടിയെ രക്ഷപ്പെടുത്തുന്നതിന് മുമ്പ് ട്രെയിൻ ഇടിക്കുകയായിരുന്നു.

ദമ്പതികളുടെ ഏക മകനാണ് ത്രിണവ്. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ അമ്പലപ്പുഴ പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top