Kerala

രാജ്യത്തെ മദ്യപ്രേമികൾക്കിടയിൽ ഏറെ ജനപ്രിയമായ ഓൾഡ് മങ്ക് ഉൾപ്പെടെയുള്ള മുൻനിര മദ്യ ബ്രാൻഡുകൾക്കെതിരെ കർശന നടപടിയുമായി ഭക്ഷ്യസുരക്ഷാ അതോറിറ്റി

രാജ്യത്തെ മദ്യപ്രേമികൾക്കിടയിൽ ഏറെ ജനപ്രിയമായ ഓൾഡ് മങ്ക് ഉൾപ്പെടെയുള്ള മുൻനിര മദ്യ ബ്രാൻഡുകൾക്കെതിരെ കർശന നടപടിയുമായി ഭക്ഷ്യസുരക്ഷാ അതോറിറ്റി.മദ്യത്തിന് സ്വാഭാവിക രുചിയും മണവും ലഭിക്കുന്നതിനായി കമ്പനികൾ കൃത്രിമ ഫ്ലേവറുകൾ ഉപയോഗിക്കുന്നുവെന്നും, ഉൽപ്പന്നത്തിന്റെ പഴക്കത്തെക്കുറിച്ച് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ലേബലുകൾ പതിപ്പിച്ചു എന്നും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഓൾഡ് മങ്കിന് പുറമെ റോയൽ ചലഞ്ച്, മക്ഡൊവൽസ്, ബാഗ്‌പൈപ്പർ തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ ചില വകഭേദങ്ങളുടെ വിൽപ്പനയും എഫ്എസ്എസ്എഐ തടഞ്ഞു.

​മദ്യം തയ്യാറാക്കുന്നതിനുള്ള അടിസ്ഥാന ചേരുവകളായ മൊളാസസ് (റമ്മിന്), മാൾട്ട് (വിസ്കിക്ക്) എന്നിവ പുളിപ്പിച്ച ശേഷം (fermentation) വർഷങ്ങളോളം സൂക്ഷിച്ചുവെച്ചാണ് (maturation) ഓരോ ബ്രാൻഡിനും അതിന്റേതായ തനത് രുചിയും ഗന്ധവും നൽകേണ്ടത്. എന്നാൽ ഇതിന് പകരം വിലകുറഞ്ഞ ‘ന്യൂട്രൽ ആൽക്കഹോളിൽ’ റമ്മിന്റെയോ വിസ്കിയുടെയോ കൃത്രിമ ഫ്ലേവറുകൾ ചേർത്ത് ഉപഭോക്താക്കളെ വഞ്ചിക്കുകയാണ് പല നിർമ്മാതാക്കളും ചെയ്തിരുന്നതെന്ന് എഫ്എസ്എസ്എഐ നടത്തിയ ലാബ് പരിശോധനകളിൽ വ്യക്തമായി.

​വാനില, കോഫി തുടങ്ങിയവയുടെ സ്വാഭാവിക ഫ്ലേവറുകൾ ചേർക്കാൻ നിലവിൽ നിയമം അനുവദിക്കുന്നുണ്ട്. എന്നാൽ റമ്മിന് റമ്മിന്റെ തന്നെ ഫ്ലേവറും, വിസ്കിക്ക് വിസ്കിയുടെ ഫ്ലേവറും കൃത്രിമമായി ചേർക്കുന്നത് അംഗീകരിക്കാനാവില്ല. സാങ്കേതികമായി ഇത്തരം മദ്യങ്ങളെ സ്റ്റാൻഡേർഡ് മദ്യമായി കണക്കാക്കാനാകില്ലെന്നും ഇവയെ ‘റം ഫ്ലേവേർഡ് സ്പിരിറ്റ്’ എന്നോ ‘വിസ്കി ഫ്ലേവേർഡ് സ്പിരിറ്റ്’ എന്നോ മാത്രമേ വിളിക്കാൻ പാടുള്ളൂവെന്നും എഫ്എസ്എസ്എഐ ചൂണ്ടിക്കാട്ടുന്നു.

​ഓൾഡ് മങ്ക് റമ്മിന്റെ കുപ്പികളിൽ കാണുന്ന ഏറ്റവും ജനപ്രിയമായ ‘7 ഇയേഴ്സ് ഓൾഡ് ബ്ലെൻഡഡ്’ (7 Years Old Blended) എന്ന അവകാശവാദവും എഫ്എസ്എസ്എഐ പൊളിച്ചടുക്കി. ഏഴ് വർഷം പഴക്കമുള്ള റം എന്ന് അവകാശപ്പെടുന്ന ഈ ഉൽപ്പന്നത്തിൽ യഥാർത്ഥത്തിൽ 5 ശതമാനത്തിൽ താഴെ മാത്രമാണ് പഴക്കമുള്ള റം അടങ്ങിയിട്ടുള്ളത്. ബാക്കിയുള്ളവ യാതൊരു പഴക്കവുമില്ലാത്ത ന്യൂട്രൽ സ്പിരിറ്റാണ്. ചട്ടപ്രകാരം, ഒന്നിലധികം സ്പിരിറ്റുകൾ ചേർത്തുള്ള ഒരു ബ്ലെൻഡഡ് മദ്യത്തിൽ ഉപയോഗിച്ചിരിക്കുന്ന ഏറ്റവും പുതിയ സ്പിരിറ്റിന്റെ പഴക്കമേ ലേബലിൽ കാണിക്കാൻ പാടുള്ളൂ. അതുകൊണ്ടുതന്നെ ഓൾഡ് മങ്കിന്റെ ഈ ലേബൽ ഉപഭോക്താക്കളെ പച്ചയ്ക്ക് കബളിപ്പിക്കുന്നതാണെന്ന് ഫുഡ് സേഫ്റ്റി റെഗുലേറ്റർ വ്യക്തമാക്കി.

​ഓൾഡ് മങ്കിന്റെ ദി ലെജൻഡ്, ഗോൾഡ് റിസർവ്, ട്രിപ്പിൾ എക്സ് (XXX) മെച്വേർഡ് റം എന്നീ വകഭേദങ്ങൾക്കാണ് പ്രധാനമായും വിലക്ക് വീണിരിക്കുന്നത്. ഇതിനുപുറമെ യുണൈറ്റഡ് സ്പിരിറ്റ്സിന്റെ മാക്ഡൊവൽസ് നമ്പർ 1 റം, ആന്റിക്വിറ്റി ബ്ലൂ വിസ്കി, റോയൽ ചലഞ്ച് വിസ്കി, ഇൻബ്രൂ ബിവറേജസിന്റെ ബാഗ്പൈപ്പർ ഡീലക്സ് വിസ്കി, ഓൾഡ് കാസ്ക് ഡീലക്സ് ട്രിപ്പിൾ എക്സ് റം തുടങ്ങിയവയും നടപടി നേരിടുന്നവയിൽ ഉൾപ്പെടുന്നു.

​മഹാരാഷ്ട്ര, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധ പ്ലാന്റുകളിൽ നിർമ്മിച്ച ബാച്ചുകൾക്കാണ് നിലവിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. നിലവിലുള്ള സ്റ്റോക്കുകൾ ‘റം ഫ്ലേവേർഡ് സ്പിരിറ്റ്’ അല്ലെങ്കിൽ ‘വിസ്കി ഫ്ലേവേർഡ് സ്പിരിറ്റ്’ എന്ന് ലേബൽ തിരുത്തി വിൽക്കാൻ കമ്പനികൾക്ക് അനുമതി നൽകിയിട്ടുണ്ടെങ്കിലും, ഇനിമുതൽ നിർമ്മാണത്തിൽ ഇത്തരം കൃത്രിമപ്പണികൾ അനുവദിക്കില്ലെന്ന് എഫ്എസ്എസ്എഐ കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രതിവർഷം കോടിക്കണക്കിന് രൂപയുടെ ബിസിനസ്സ് നടക്കുന്ന ഇന്ത്യൻ മദ്യവിപണിയിൽ എഫ്എസ്എസ്എഐയുടെ ഈ ഇടപെടൽ വലിയ ചലനങ്ങളുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top