Kerala

പിരിവ് നൽകിയില്ല :തൈക്കാട്ടുശേരി ബിവറേജിൽ മദ്യം വാങ്ങാനെത്തിയ വയോധികനെ യുവാക്കൾ പഞ്ഞിക്കിട്ടു

പൂച്ചാക്കൽ: ആലപ്പുഴയിൽ ഗുണ്ടാസംഘത്തിന്റെ ക്രൂരമർദനത്തിന് ഇരയായി വയോധികൻ. തൈക്കാട്ടുശ്ശേരി ബിവറേജ് ഔട്ട്‌ലെറ്റിൽ
മദ്യം വാങ്ങാനെത്തിയ വയോധികനെയാണ് ലഹരിക്കടിമപ്പെട്ട യുവാക്കളടങ്ങുന്ന സംഘം പരസ്യമായി മർദിച്ചത്. ബിവറേജ് ഔട്ട്‌ലെറ്റിന് മുന്നിൽ മദ്യം വാങ്ങാനെത്തിയ നിരവധി പേരുടെ സാന്നിധ്യത്തിലായിരുന്നു സംഭവം. മർദനത്തിൽ അവശനായ വയോധികനെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇന്നലെ പുറത്ത് വന്നിരുന്നു.

അക്രമികളെ ഭയന്ന് ആരും പ്രതികരിക്കാൻ തയ്യാറായില്ല. ഔട്ട്‌ലെറ്റിന് മുന്നിൽ മദ്യം വാങ്ങാൻ എത്തുന്നവരിൽനിന്ന് ഗുണ്ടാപ്പിരിവ് നടത്തി പണം ആവശ്യപ്പെടുന്നതും, ഇത് നൽകാൻ വിസമ്മതിക്കുന്നവരെ ആക്രമിക്കുന്നതും പ്രദേശത്ത് പതിവാകുകയാണ്. സാമൂഹ്യവിരുദ്ധരുടെ ശല്യം വർധിച്ചതോടെ സാധാരണക്കാരായ തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ കടുത്ത ഭയപ്പാടോടെയാണ് ഇവിടെ എത്തുന്നത്.

ഔട്ട്‌ലെറ്റിന് മുന്നിൽ നിരന്തരമുണ്ടാകുന്ന ഇത്തരം അക്രമസംഭവങ്ങളെ അതീവ ഗൗരവത്തോടെയാണ് ജനങ്ങൾ കാണുന്നത്. പൊതുജനങ്ങൾക്ക് ഭയരഹിതമായി സഞ്ചരിക്കാൻ പൊലീസ് കൂടുതൽ ജാഗ്രതയോടെയും കാര്യക്ഷമമായും ഇടപെടേണ്ടത് അനിവാര്യമാണെന്നും ബിവറേജ് ഔട്ട്‌ലെറ്റിലും പരിസര പ്രദേശങ്ങളിലും സ്ഥിരം പൊലീസ് പട്രോളിങ് ഏർപ്പെടുത്തണമെന്നും, ഗുണ്ടാസംഘങ്ങൾക്കെതിരെ സമഗ്രാന്വേഷണം നടത്തി കർശന നിയമനടപടികൾ സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം

സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ആക്രമികളായ യുവാക്കളെ തിരിച്ചറിഞ്ഞ് പിടികൂടാനുള്ള ശ്രമം ഊർജിതമാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top