തൊടുപുഴ നഗരസഭ കൈക്കൂലി കേസ് അഴിമതി വിരുദ്ധ നടപടികളിൽ വീണ്ടും ശ്രദ്ധ നേടുന്നു. പുതുതായി നിർമിച്ച ആയുർവേദ ആശുപത്രി കെട്ടിടത്തിന് കംപ്ലീഷൻ സർട്ടിഫിക്കറ്റ് നൽകുന്നതിനായി ₹75,000 കൈക്കൂലി വാങ്ങുന്നതിനിടെ സെക്രട്ടറി ചുമതല വഹിച്ച ഉദ്യോഗസ്ഥനെ വിജിലൻസ് അറസ്റ്റ് ചെയ്തു.തൊടുപുഴ നഗരസഭാ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയറായ എറണാകുളം കറുകുറ്റി സ്വദേശി എം.പി. ജോസ് (54) ആണ് വിജിലൻസിന്റെ പിടിയിലായത്.

തൊടുപുഴ സ്വദേശിയായ ഒരു ആയുർവേദ ഡോക്ടർ പുതുതായി നിർമിച്ച ആശുപത്രി കെട്ടിടത്തിന് കംപ്ലീഷൻ സർട്ടിഫിക്കറ്റ് ലഭിക്കാൻ കഴിഞ്ഞ ഒക്ടോബറിൽ ഓൺലൈനായി അപേക്ഷ നൽകിയിരുന്നു. എന്നാൽ ഫയൽ ഒരു മാസത്തോളം നീണ്ടുപോയതിനു പിന്നാലെ ₹1.5 ലക്ഷം കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് പരാതി.

ബിൽഡിംഗ് എൻജിനിയർ ഇടപെട്ടതിനെ തുടർന്ന് കംപ്ലീഷൻ സർട്ടിഫിക്കറ്റ് നൽകിയെങ്കിലും, പിന്നീട് കെട്ടിടത്തിലെ ഇരുമ്പ് ഗോവണി പെർമിറ്റിൽ ഉൾപ്പെട്ടിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി കെട്ടിട നമ്പർ റദ്ദാക്കുമെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞതായി പരാതിയിൽ പറയുന്നു.ഇത് ഒഴിവാക്കാൻ ₹2 ലക്ഷം വേണമെന്നും ഉടൻ ₹75,000 നൽകണമെന്നും ആവശ്യപ്പെട്ടതോടെയാണ് ഡോക്ടർ ഇടുക്കി വിജിലൻസ് ഡിവൈ.എസ്.പി.യെ സമീപിച്ചത്.
വിജിലൻസിന്റെ നിർദേശപ്രകാരം തൊടുപുഴയിലെ ഒരു ബാർ ഹോട്ടലിന് സമീപം ഡോക്ടർ ₹75,000 കൈമാറുന്നതിനിടെയാണ് എം.പി. ജോസിനെ വിജിലൻസ് സംഘം കൈയോടെ പിടികൂടിയത്.തുടർന്ന് നടത്തിയ പരിശോധനയിൽ അദ്ദേഹത്തിന്റെ പക്കൽ നിന്ന് രണ്ട് പൊതികളിലായി ₹1 ലക്ഷം കണ്ടെത്തിയതായും വിജിലൻസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.