അമേരിക്കയിൽ ഇന്ത്യൻ വംശജർക്ക് നേരെ വീണ്ടും വംശീയ അതിക്രമം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്. യുഎസിലെ യൂട്ടാ സംസ്ഥാനത്തെ ഒരു പ്രമുഖ വ്യാപാര സമുച്ചയത്തിൽ (മാളിൽ) വെച്ചാണ് സൊഹൈൽ എന്ന ഇന്ത്യൻ യുവാവിനെ ഒരു അമേരിക്കൻ പൗരൻ ക്രൂരമായി കുത്തി പരുക്കേൽപ്പിച്ചത്. യാതൊരുവിധ പ്രകോപനവുമില്ലാതെ വംശീയവും മതപരവുമായ ചോദ്യങ്ങൾ ചോദിച്ച ശേഷമായിരുന്നു ഈ ആക്രമണം. ക്രൂരമായ ഈ കത്തിക്കുത്തിൽ സൊഹൈലിന് 15 തവണയാണ് ശരീരത്തിൽ പരിക്കേറ്റത്. സംഭവസ്ഥലത്തു വെച്ചുതന്നെ ഗുരുതരമായി പരിക്കേറ്റ യുവാവിനെ നിലവിൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അതിക്രമം നടത്തിയ ഉടൻ തന്നെ പ്രതിയെ പൊലീസ് പിടികൂടി. 48 വയസുകാരനായ പീറ്റർ മൈക്കൽ ലാർസൻ എന്ന അമേരിക്കൻ സ്വദേശിയാണ് ഈ ക്രൂരകൃത്യത്തിന് പിന്നിൽ പ്രവർത്തിച്ചതെന്ന് യൂട്ടാ പൊലീസ് സ്ഥിരീകരിച്ചു. പ്രതിയെ നിലവിൽ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തുവരികയാണ്. സൊഹൈലിന്റെ നില അതീവ ഗുരുതരമായി തുടരുന്നതിനാൽ അദ്ദേഹത്തിന്റെ വിദഗ്ദ്ധ ചികിൽസയ്ക്കായുള്ള പണം കണ്ടെത്താൻ സുഹൃത്തുക്കളും ബന്ധുക്കളും ചേർന്ന് ‘ഗോ ഫണ്ട് മീ’ (GoFundMe) എന്ന ഓൺലൈൻ പ്ലാറ്റ്‌ഫോം വഴി ധനസമാഹരണം ആരംഭിച്ചിട്ടുണ്ട്.

യൂട്ടായിലെ മാളിലുള്ള ഒരു പ്രമുഖ അന്താരാഷ്ട്ര ജ്വല്ലറി ബ്രാൻഡിന്റെ ഷോറൂമിൽ ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു സൊഹൈൽ. സംഭവദിവസം കടയിലെത്തിയ അക്രമി പീറ്റർ മൈക്കൽ ലാർസൻ കുടിക്കാൻ ഒരു കുപ്പി വെള്ളം തരാമോ എന്ന് സൊഹൈലിനോട് ആവശ്യപ്പെടുകയായിരുന്നു. അവിടെയെത്തുന്ന ഉപഭോക്താക്കൾക്ക് നൽകുന്നതുപോലെ സൊഹൈൽ ഇയാൾക്ക് വെള്ളം എടുത്ത് നൽകാൻ ശ്രമിച്ചു. എന്നാൽ വെള്ളം കയ്യിൽ വാങ്ങുന്നതിന് തൊട്ടുമുമ്പ് അക്രമി വംശീയമായ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി.
നിന്റെ മതം ഏതാണ് എന്നും നീ ഏത് രാജ്യത്ത് നിന്നാണ് വരുന്നത് എന്നും ചോദിച്ചുകൊണ്ടായിരുന്നു അക്രമിയുടെ തുടക്കം. സൊഹൈൽ ഇതിന് മറുപടി നൽകാൻ ശ്രമിക്കുന്നതിനിടെ തന്റെ കയ്യിൽ കരുതിയിരുന്ന മൂർച്ചയേറിയ കത്തി ഉപയോഗിച്ച് പീറ്റർ സൊഹൈലിനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. ശരീരത്തിന്റെ പല ഭാഗങ്ങളിലായി 15 തവണയാണ് ഇയാൾ കുത്തിപ്പരിക്കേൽപ്പിച്ചത്. പെട്ടെന്നുണ്ടായ ആക്രമണത്തിൽ നിന്നും രക്ഷപ്പെടാൻ സൊഹൈലിന് സാധിച്ചില്ല. മാളിലെ മറ്റ് ജീവനക്കാരും സുരക്ഷാ ജീവനക്കാരും ഓടിക്കൂടിയതോടെയാണ് അക്രമി പിന്മാറിയതും പിന്നീട് പിടിയിലായതും.
അമേരിക്കയിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പൗരന്മാർക്കും വിദ്യാർത്ഥികൾക്കും നേരെയുള്ള വംശീയ അധിക്ഷേപങ്ങളും ശാരീരിക ആക്രമണങ്ങളും അടുത്ത കാലത്തായി വലിയ തോതിൽ വർദ്ധിച്ചിട്ടുണ്ട്. അതിലേറ്റവും ഒടുവിലത്തെ ദാരുണമായ ഉദാഹരണമാണ് സൊഹൈലിന് നേരെയുണ്ടായ ഈ വധശ്രമം. മാളുകൾ പോലെയുള്ള പൊതുസ്ഥലങ്ങളിൽ പോലും ജീവനക്കാർക്ക് സുരക്ഷിതമായി ജോലി ചെയ്യാൻ സാധിക്കാത്ത സാഹചര്യം ഉണ്ടാകുന്നത് യുഎസിലെ ഇന്ത്യൻ സമൂഹത്തിനിടയിൽ വലിയ ആശങ്കയ്ക്ക് വഴിതെളിച്ചിട്ടുണ്ട്.