തൊടുപുഴ: നെടുംകണ്ടം ഇരട്ട കൊലപാതകവുമായി ബന്ധപ്പെട്ട തിരച്ചിൽ തുടരുന്നു. രണ്ടാം ദിനം നടത്തിയ തിരിച്ചിലിലും നിർണായക തെളിവുകളൊന്നും കിട്ടിയില്ല.

അമ്മ മേരികുട്ടിയേയും സഹോദരൻ റെജിയേയും കൊലപെടുത്തി, സജി കുഴിച്ചു മൂടിയ പ്രദേശത്താണ് രണ്ടാം ദിനവും പൊലീസ് പരിശോധന നടത്തിയത്. വീടിന്റെ പിൻഭാഗത്ത് സംശയം തോന്നിയ വിവിധ സ്ഥലങ്ങളിൽ ജെസിബി ഉപയോഗിച്ച് കുഴിയെടുത്ത് പരിശോധന നടത്തി.
ആദ്യ ദിനത്തിലെ പരിശോധനയിൽ എല്ലിൻ കഷ്ണവും വസ്ത്രാവശിഷ്ടങ്ങളും ലഭിച്ചിരുന്നു. എല്ലിൻ കഷ്ണം മനുഷ്യന്റെയോ മൃഗത്തിന്റെയോ എന്ന് തിരിച്ചറിയുന്നതിനായി ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. മൃഗത്തിന്റെതെന്നാണ് പ്രഥമിക നിഗമനം. പ്രതി, മൊഴി മാറ്റി പറയുന്നത് അന്വേഷണ സംഘത്തിന് പ്രതിസന്ധി സൃഷ്ടിയ്ക്കുന്നുണ്ട്. പ്രതിയുടെ കസ്റ്റഡി കാലാവധി അവസാനിച്ചതിനാൽ പിന്നീട് വീണ്ടും കസ്റ്റഡിയിൽ വാങ്ങി തുടർ അന്വേഷണം നടത്തും.