
പാലാ: ലോക നാടക ദിനത്തോടനുബന്ധിച്ച് പാലായിലെ പഴയകാല നാടക പ്രവർത്തകർ ഒന്നിച്ചുകൂടി നാടകത്തിന്റെ പുതുജീവനത്തെ കുറിച്ച് ഗൗരവമായ സംവാദം നടത്തി. പഴയ നാടകങ്ങളുടെ ആത്മാവിലേക്ക് തിരിച്ചെത്താൻ എന്ത് ചെയ്യണമെന്ന് ആഴത്തിൽ ചർച്ച ചെയ്ത ഈ സംഗമം ശ്രദ്ധേയമായി.

തീയേറ്റർ ഹട്ട്, മുൻസിപ്പൽ ആർമി എന്നീ സംഘടനകൾ സംവാദത്തിൽ പങ്കാളികളായപ്പോൾ നാടകസ്നേഹികളായ ലക്ഷ്മി ശശിധരൻ, ലേഖാ ദാസ് എന്നിവരുള്‍പ്പെടെയുള്ള വനിതകളും ശക്തമായ നിർദ്ദേശങ്ങളുമായി രംഗത്തെത്തി. “പണ്ട് സിനിമ നാടകത്തിന് പിന്നാലെയായിരുന്നു; ഇന്ന് നാടകം സിനിമയുടെ പിന്നാലെയായി മാറി” എന്ന വിലയിരുത്തൽ ചര്‍ച്ചയിൽ ഉയര്‍ന്നു.
അന്തരിച്ച നാടക നടൻ ടി.എ. രാജ്യേന്ദ്രന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിയാണ് യോഗം ആരംഭിച്ചത്. “ഉറങ്ങി പോയ നാടകത്തെ ഉണർത്താനാണ് ലോക നാടക ദിനം” എന്ന ആശയം പങ്കുവെച്ചുകൊണ്ട്, 1995ന് ശേഷം നാടക പ്രവർത്തനം മന്ദഗതിയിലായതും ചർച്ചയായി.
കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രചാരണത്തിനായി കെ.പി.എ.സി കേരളമൊട്ടാകെ നാടകത്തിന് പുതിയ ദിശാബോധം നൽകിയതും, തുടർന്ന് തെരുവ് നാടകങ്ങളുടെ വളർച്ചയും പ്രസംഗകർ ഓർമ്മിപ്പിച്ചു. ഗൾഫിൽ വളർന്ന യുവാവ് “നാടകം എന്താണ്?” എന്ന് ചോദിച്ച അനുഭവം ചൂണ്ടിക്കാട്ടി, “നമ്മൾ ആരാണെന്ന് ചോദിക്കുമ്പോഴാണ് നാടകം പിറക്കുന്നത്” എന്ന ആത്മീയമായ ചിന്തയും പങ്കുവെച്ചു.സി വൈ എം എൽ ;നാടക രംഗത്തിനു നൽകിയ സമഗ്ര സംഭാവനയും ചർച്ചയായി .
കർണ്ണൻ, കണ്ണകി, ലേഡി മാക്ബത്ത് തുടങ്ങിയ ശക്തമായ കഥാപാത്രങ്ങളെ ഉദാഹരണമായി എടുത്ത് നാടകത്തിന്റെ ആഴവും വൈവിദ്ധ്യവും വിശദീകരിച്ചു. എം.എ. ആഗസ്തി ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ ബാബു കുരുവിള മുഖ്യ പ്രഭാഷണം നടത്തി. സതീഷ് മണർകാട്, സോണി വലിയ കാപ്പിൽ, ഫെലിക്സ് ഡിക്സൺ എന്നിവർ ആശയങ്ങൾ പങ്കുവച്ചു.
പാലായിലെ നാടക പാരമ്പര്യം നിലനിർത്താൻ ഇത്തരത്തിലുള്ള കൂട്ടായ്മകൾ തുടർന്നും സംഘടിപ്പിക്കണമെന്ന് പങ്കെടുത്തവർ ഏകകണ്ഠേന ആവശ്യപ്പെട്ടു.
തങ്കച്ചൻ പാലാ
കോട്ടയം മീഡിയ