അഹ്മദാബാദ്: ട്വന്‍റി20 ലോകകപ്പ് ഫൈനലിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് വെടിക്കെട്ട് തുടക്കം. ആദ്യ ആറു ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 92 റൺസാണ് ഇന്ത്യ അടിച്ചെടുത്തത്.

ടോസ് നേടിയ ന്യൂസീലൻഡ് നായകൻ മിച്ചൽ സാന്റ്നർ ഇന്ത്യയെ ബാറ്റിങ്ങിന് വിടുകയായിരുന്നു. 18 പന്തിൽ അഭിഷേക് ശർമ അർധ സെഞ്ച്വറി പൂർത്തിയാക്കി. ട്വന്‍റി20 ലോകകപ്പ് നോക്കൗട്ട് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ അർധ സെഞ്ച്വറിയാണിത്. മൂന്നു സിക്സും ആറു ഫോറുമടക്കമാണ് താരം അർധ സെഞ്ച്വറിയിലെത്തിയത്. രചിൻ രവീന്ദ്ര എറിഞ്ഞ എട്ടാം ഓവറിലെ ആദ്യ പന്തിൽ വിക്കറ്റ് കീപ്പർ ടിം സീഫെർട്ടിന് ക്യാച്ച് നൽകിയാണ് അഭിഷേക് പുറത്തായത്. 21 പന്തിൽ 52 റൺസാണ് താരത്തിന്‍റെ സമ്പാദ്യം. ട്വന്റി20 ലോകകപ്പ് ഫൈനൽ ചരിത്രത്തിൽ ആദ്യമായാണ് ഓപ്പണിങ് കൂട്ടുകെട്ട് 50നു മുകളിൽ സ്കോർ നേടുന്നത്. 2009 ഫൈനലിൽ ശ്രീലങ്കക്കെതിരെ പാകിസ്താൻ താരങ്ങളായ കമ്രാൻ അക്‌മലും ഷഹസൈബ് ഹസനും ചേർന്ന് നേടിയ 48 റൺസായിരുന്നു ഇതുവരെയുള്ള ഉയർന്ന ഓപ്പണിങ് കൂട്ടുകെട്ട്.
നിലവിൽ 31 പന്തിൽ 49 റൺസുമായി സഞ്ജുവും 10 പന്തിൽ 20 റൺസുമായി ഇഷാൻ കിഷനുമാണ് ക്രീസിൽ. മാറ്റ് ഹെൻട്രി എറിഞ്ഞ ആദ്യ ഓവറിലെ ആദ്യ നാലു പന്തുകളിൽ സഞ്ജുവിന് റണ്ണൊന്നും നേടാനായില്ലെങ്കിലും അഞ്ചാം പന്ത് താരം ഗാലറിയിലെത്തിച്ച് സ്കോർ ബോർഡ് തുറന്നു. ആ ഓവറിൽ ആകെ ഏഴു റൺസാണ് നേടിയത്. ആദ്യ രണ്ട് ഓവറുകളിൽ താളം കണ്ടെത്താൻ വിഷമിച്ചെങ്കിലും പിന്നീട് ഇരുവരും കത്തിക്കയറി. മൂന്നാം ഓവറിൽ 15 റൺസ് നേടി. ലോക്കി ഫെർഗൂസൺ എറിഞ്ഞ നാലാം ഓവറിൽ രണ്ടു വീതം സിക്സും ഫോറും അടക്കം 24 റൺസാണ് അടിച്ചെടുത്തത്. അഞ്ചാം ഓവറിൽ 21 റൺസും പിറന്നു
ഈ ലോകകപ്പിൽ ആദ്യമായാണ് ഇന്ത്യക്ക് പവർപ്ലേയിൽ വിക്കറ്റ് നഷ്ടമാകാതിരിക്കുന്നത്.