Kerala

അജി മാർക്കോസിനും പൊതുജനങ്ങൾക്കും വിജയം; പാലായിലെ കയ്യേറ്റം പൊളിച്ചുമാറ്റി വഴി തുറന്നു:വിജയം കണ്ടത് അജി മാർക്കോസിന്റെ രൂക്ഷമായ സമര പോരാട്ടത്തിലൂടെ

 

പാലാ: പാലാ നഗരസഭാ പരിധിയിലെ അനധികൃത കയ്യേറ്റത്തിനെതിരെ നടത്തിയ നിയമപോരാട്ടത്തിനും പൊതുജനങ്ങളുടെ പ്രതിഷേധത്തിനും വിജയം. ഗവൺമെന്റ് ആശുപത്രിയിലേക്കുള്ള വഴിയിലുള്ള ഏഴാം നമ്പർ ബങ്ക് ഉൾപ്പെടെയുള്ള കയ്യേറ്റങ്ങൾക്കെതിരെ നടത്തിയ നിയമപോരാട്ടത്തിനൊടുവിൽ ഹൈക്കോടതിയുടെ കർശന നിർദ്ദേശത്തെ തുടർന്ന് കയ്യേറ്റമായി ആരോപിക്കപ്പെട്ടിരുന്ന കെട്ടിടം ഇന്നലെ പൊളിച്ചുമാറ്റി. ഇതോടെ വഴി പുനഃസ്ഥാപിച്ച് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. മദ്യപാനികൾക്കും സാമൂഹ്യവിരുദ്ധർക്കും താവളമായി മാറിയിരുന്ന ഈ പ്രദേശം ഇപ്പോൾ യാത്രക്കാർക്ക് സുഗമമായി സഞ്ചരിക്കാവുന്ന രീതിയിലേക്ക് മാറ്റിയതായും ഇതോടെ നേരത്തെ നൽകിയ വാഗ്ദാനം പാലിക്കപ്പെട്ടതായും അജി മാർക്കോസ് പറഞ്ഞു.

പാലാ മീഡിയ അക്കാദമിയിൽ നടന്ന വാർത്താസമ്മേളനത്തിലാണ് അജി മാർക്കോസ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. കയ്യേറ്റത്തിനെതിരെ താൻ നടത്തിയ നിയമപോരാട്ടത്തിനും പൊതുജനങ്ങളുടെ പിന്തുണയ്ക്കും ഒടുവിൽ ഫലം കണ്ടതായും അദ്ദേഹം പറഞ്ഞു. പാലാ നഗരസഭാ ഉദ്യോഗസ്ഥർ കയ്യേറ്റക്കാർക്ക് പൂർണ്ണ പിന്തുണ നൽകുന്നതായും തൽപരകക്ഷികളായാണ് പെരുമാറുന്നതെന്നും അദ്ദേഹം ആരോപിച്ചു. നഗരസഭയിൽ ഏറ്റവും കൂടുതൽ കയ്യേറ്റം നടന്നിരിക്കുന്നത് 20-ാം വാർഡിലാണെന്നും അദ്ദേഹം പറഞ്ഞു.

ഗവൺമെന്റ് ആശുപത്രിയിലേക്കുള്ള വഴിയിലുള്ള ഏഴാം നമ്പർ ബങ്ക് അനധികൃത കയ്യേറ്റമാണെന്നും ഏറെക്കാലമായി ഇതുമായി ബന്ധപ്പെട്ട പരാതികൾ നിലനിന്നിരുന്നുവെന്നും അജി മാർക്കോസ് പറഞ്ഞു. കയ്യേറ്റം ഒഴിപ്പിച്ച് വഴി പൊതുജനങ്ങൾക്ക് ഉപയോഗിക്കാവുന്ന രീതിയിലാക്കണമെന്നാവശ്യപ്പെട്ടാണ് നിയമപോരാട്ടം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. നീതി ലഭിക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ച് ശവപ്പെട്ടി സമരം നടത്തിയതായും സമരം പൂർണ്ണമായും വിജയിച്ചതായും അദ്ദേഹം അവകാശപ്പെട്ടു.

നഗരസഭയുടെ ഒൻപതാം വാർഡായ കൊച്ചറപ്പാടിയിൽ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം 11 കുടുംബങ്ങൾക്ക് വീട് നിർമിക്കുന്നതിനായി പൈങ്കള ഉറുമ്പേൽ പി. ജെ. തോമസ് ഫ്ലോട്ടുകൾ വാങ്ങി നൽകിയിരുന്നതായും അജി മാർക്കോസ് പറഞ്ഞു. നഗരസഭയുടെ അസറ്റ് രജിസ്റ്റർ പ്രകാരം ഇവിടെ ഉണ്ടായിരുന്ന 14 അടി വീതിയുള്ള വഴി നിലവിൽ 10 അടിയായി ചുരുങ്ങിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. നഗരസഭയുടെ എക്സിക്യൂട്ടീവ് എൻജിനീയറും സെക്രട്ടറിയും ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കൂട്ടുനിൽക്കുന്നതായും അദ്ദേഹം ആരോപിച്ചു.

പാലാ നഗരസഭയിലേക്ക് നിരവധി ഉദ്യോഗസ്ഥർ സ്ഥലംമാറ്റം ആഗ്രഹിക്കുന്നതായും, കൈക്കൂലി കൂടുതലായി ലഭിക്കുന്ന ‘വളക്കൂറുള്ള മണ്ണ്’ ആയതിനാലാണ് ഇതെന്നും അജി മാർക്കോസ് ആരോപിച്ചു. ഇത്തരം ആരോപണങ്ങൾ സംബന്ധിച്ച് അന്വേഷണം നടത്തി വസ്തുത പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഹൈക്കോടതിയുടെ നിർദ്ദേശത്തെ തുടർന്ന് കയ്യേറ്റ കെട്ടിടം പൊളിച്ചുമാറ്റി വഴി യഥാർത്ഥ ഉപയോഗയോഗ്യമാക്കി പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത് ഏറെ നാളായി തുടരുന്ന നിയമപോരാട്ടത്തിന്റെ വിജയമാണെന്നും അജി മാർക്കോസ് പറഞ്ഞു. എന്നാൽ പൊളിച്ചുമാറ്റിയ ബങ്കിന് പകരം മറ്റൊരിടത്ത് ബങ്ക് നൽകാമെന്ന് വി. ജി. തോമസ് എന്ന വ്യക്തിയുമായി നഗരസഭാ ഉദ്യോഗസ്ഥർ രഹസ്യധാരണ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഇത്തരമൊരു നീക്കം ഉണ്ടായാൽ അതിനെതിരെ സുപ്രീംകോടതി വരെ നിയമപോരാട്ടം നടത്തുമെന്നും അജി മാർക്കോസ് വ്യക്തമാക്കി.

കയ്യേറ്റം ഒഴിപ്പിച്ച് പൊതുവഴി പുനഃസ്ഥാപിക്കുകയും പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുകയും ചെയ്തതോടെ അജി മാർക്കോസിന്റെയും പ്രദേശവാസികളുടെയും നീണ്ടുനിന്ന പോരാട്ടത്തിന് ഫലം കണ്ടിരിക്കുകയാണെന്നും ഇത് അജി മാർക്കോസിനും പൊതുജനങ്ങൾക്കും ലഭിച്ച വിജയമാണെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top