Kerala

‘തൂഫാൻ ആന്റി നാർക്കോട്ടിക് ഇൻവെസ്റ്റിഗേഷൻ ടീം’ രൂപീകരിച്ച് സർക്കാർ ഉത്തരവിറക്കി:രമേശ് ചെന്നിത്തല

തിരുവനന്തപുരം: അന്തർസംസ്ഥാന ലഹരി സംഘങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നതിനായി ‘തൂഫാൻ ആന്റി നാർക്കോട്ടിക് ഇൻവെസ്റ്റിഗേഷൻ ടീം’ രൂപീകരിച്ച് സർക്കാർ ഉത്തരവിറക്കി. ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലായാണ് പുതിയ അന്വേഷണ സംഘത്തിന്റെ യൂണിറ്റുകൾ പ്രവർത്തിക്കുക. ‘തൂഫാൻ’ നടപടികളുടെ ഭാഗമായി ഇതുവരെ 10,918 കേസുകൾ രജിസ്റ്റർ ചെയ്തതായും മന്ത്രി വ്യക്തമാക്കി.

മലപ്പുറം എംഡിഎംഎ കേസിൽ എസ്.പി. ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം നാല് പേരെ കൂടി പിടികൂടി. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം 13 ആയി. ഗുജറാത്തിൽ നിന്നും ചെന്നൈയിൽ നിന്നുമാണ് പുതിയതായി പിടിയിലായവരെ കസ്റ്റഡിയിലെടുത്തത്. ഡൽഹി, ബംഗാൾ, നോയിഡ തുടങ്ങിയ ഇടങ്ങളിലേക്ക് ലഹരി കടത്തിയതുമായി ബന്ധപ്പെട്ട വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ലഹരിക്കടത്തിന്റെ കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. പ്രതികൾക്ക് സാമ്പത്തിക സഹായം നൽകിയവരെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. ‘തൂഫാൻ’ രണ്ടാംഘട്ടം ഈ മാസം 28ന് ആരംഭിക്കുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു.

അതേസമയം, റിപ്പോർട്ടർ ചാനൽ എംഡി ആന്റോ അഗസ്റ്റിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കും മന്ത്രി പ്രതികരിച്ചു. അന്വേഷണത്തിൽ ആഭ്യന്തരമന്ത്രി ഇടപെട്ടിട്ടില്ലെന്നും ആരെയും അറസ്റ്റ് ചെയ്യാൻ നിർദേശം നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. റിപ്പോർട്ടർ ചാനലിന്റെ സംപ്രേഷണം ഒരു സെക്കൻഡ് പോലും തടസ്സപ്പെട്ടിട്ടില്ലെന്നും നിയമവിരുദ്ധമായ നടപടികളൊന്നും കേരള പൊലീസ് സ്വീകരിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. മാധ്യമപ്രവർത്തകർക്ക് നിർഭയമായി പ്രവർത്തിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top