Kerala

എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ച് സ്വർണക്കടത്ത്.;ഒരു കോടി രൂപയുടെ സ്വർണ്ണം കരിപ്പൂരിൽ പിടികൂടി

കോഴിക്കോട്: എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ച് സ്വർണക്കടത്ത്. കരിപ്പൂർ വിമാനത്താവളത്തിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (DRI) നടത്തിയ പരിശോധനയിൽ ഒരു കോടി രൂപയോളം വിലവരുന്ന സ്വർണം പിടികൂടി. റാസൽ ഖൈമയിൽ നിന്ന് കരിപ്പൂരിലെത്തിയ പൊന്നാനി സ്വദേശിയും എട്ട് മാസം പ്രായമുള്ള കുഞ്ഞും ഉൾപ്പെടെയുള്ള യാത്രക്കാരിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്.

കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ച നിലയിലും പിതാവിന്റെ ദേഹത്ത് മിശ്രിത രൂപത്തിലും സ്വർണം കടത്താൻ ശ്രമിച്ചതായാണ് കണ്ടെത്തൽ. പിതാവും മൂന്ന് മക്കളുമാണ് കരിപ്പൂർ വിമാനത്താവളത്തിൽ വിമാനമിറങ്ങിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് നിന്നെത്തിയ DRI സംഘമാണ് പരിശോധന നടത്തിയത്. വിശദമായ പരിശോധനയിലാണ് സ്വർണക്കടത്ത് കണ്ടെത്തിയത്. സംഭവത്തിൽ DRI അന്വേഷണം തുടരുകയാണ്. സ്വർണം എവിടെനിന്നാണ് ലഭിച്ചതെന്നും ഇതിന് പിന്നിൽ കൂടുതൽ ആളുകളുണ്ടോയെന്നും ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിക്കുന്നുണ്ട്.

ഓഗസ്റ്റ് മാസത്തിലും കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിൽ വൻതോതിൽ സ്വർണം പിടികൂടിയിരുന്നു. ഓഗസ്റ്റ് ആദ്യവാരത്തിൽ മാത്രം വിവിധ വിമാനത്താവളങ്ങളിൽ നിന്നായി കസ്റ്റംസ് വകുപ്പ് 11 കോടിയിലധികം രൂപ വിലമതിക്കുന്ന എട്ട് കിലോഗ്രാം സ്വർണം പിടിച്ചെടുത്തു. 14 വ്യത്യസ്ത കേസുകളിലായി ആറ് മലയാളികൾ ഉൾപ്പെടെ ഒമ്പത് പേരെ ഈ കേസുകളിൽ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്തിനെതിരെ പരിശോധന ശക്തമാക്കിയിരിക്കെയാണ് കരിപ്പൂരിൽ വീണ്ടും വൻ സ്വർണവേട്ട നടന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top